
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോട് സർക്കാർ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി. എയ്ഡഡ് സ്ക്കൂളുകളിൽ അധ്യാപകരെ നിയമിക്കുമ്പോൾ നാലു ശതമാനം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപകരെ മുഴുവൻ നിയമിച്ച ശേഷമേ മറ്റ് നിയമനങ്ങൾ അംഗീകരിക്കൂ എന്ന് സർക്കാർ നിലപാടെടുത്തു. നിയമനത്തിനായി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും യോഗ്യതയുള്ളവരെ ലഭ്യമാകുന്നില്ലെന്നാണ് മാനേജ്മെൻറുകൾ പറയുന്നത്.
കത്തോലിക്ക സഭയുടെ കീഴിലുള്ള സ്ക്കൂളുകളിൽ അധ്യാപക - അനധ്യാപക തസ്തികകളിലായി 6600 പേരെയാണ് വേണ്ടത്. എന്നാൽ യോഗ്യതയുള്ളത് 1100 പേർക്ക് മാത്രം. സർക്കാർ തീരുമാനത്തിനെതിരെ എൻഎസ്എസ് മാനേജ്മെൻറ് സുപ്രീംകോടതിയെ സമീപിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപക തസ്തികകൾ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളിൽ നിയമന അംഗീകാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. മറ്റു മാനേജ്മെന്റുകളിലെ അധ്യാപകരുടെ നിയമനം പരിഗണിക്കാനും നിർദ്ദേശിച്ചു. കെസിബിസിയുടെ മാനേജ്മെൻറ് കൺസോർഷ്യം ഹൈക്കോടതിയെ സമീപിച്ച് ഏപ്രിൽ ഏഴിന് സമാനമായ വിധി നേടി.
കത്തോലിക്കാ സഭയുടെ മാനേജ്മെൻ്റിന് കീഴിലുള്ള നിയമനങ്ങൾ നിരസിച്ചുകൊണ്ട് ജൂലൈ 31ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് കടുത്ത വിവേചനമാണെന്നാണ് സഭയുടെ ആരോപണം. ഏഴു വർഷത്തിലധികമായി ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം അധ്യാപക തസ്തികകളാണ് സർക്കാർ അംഗീകരിക്കേണ്ടത്. അംഗീകാരം ലഭിക്കാത്തതു മൂലം അഞ്ച് വർഷത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഇവർക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ ദിവസ വേതനം മാത്രമാണ് ലഭിക്കുന്നത്. സമരത്തിന്റെ ഭാഗമായി 26 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam