Haridas Murder : ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ പാർപ്പിച്ച സംഭവം; രേഷ്മയെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു

By Web TeamFirst Published Apr 25, 2022, 11:01 AM IST
Highlights

 ഹരിദാസ് വധക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കേസിലെ പ്രതി നിജിൽ ദാസിന് പിണറായിയിൽ ഒളിത്താവളം ഒരുക്കി നൽകിയത് രേഷ്മയായിരുന്നു.

കണ്ണൂര്‍: കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് അറസ്റ്റിലായ രേഷ്മയ്ക്ക് എതിരെ നടപടി. അമൃത വിദ്യാലയത്തിൽ അധ്യാപികയായ രേഷ്മയെ സസ്പെൻഡ് ചെയ്തു. ഹരിദാസ് വധക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കേസിലെ പ്രതി നിജിൽ ദാസിന് പിണറായിയിൽ ഒളിത്താവളം ഒരുക്കി നൽകിയത് രേഷ്മയായിരുന്നു.

പുന്നോലിലെ സിപിഎം പ്രവ‍ർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റം ചുമത്തി പതിഞ്ചാം പ്രതിയാക്കിയാണ് അണ്ടല്ലൂർ  സ്വദേശി പി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിലിനെ ഒളിവിൽ പാർപ്പിച്ചത്. നിജിൽ ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് രേഷ്മ മൊഴി നൽകിയിട്ടുണ്ടെന്നും കൊലക്കേസിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ച് ഇനിയും അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറയുന്നു. 

Also Read: 'നിജില്‍ ദാസിനെ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞ്'; രേഷ്മയുടെ പങ്കില്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ്

പിണറായി പാണ്ട്യാല മുക്കിലെ മയിൽ പീലി വീട്ടിൽ ഏഴ് ദിവസമാണ് നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത്. വീട് നൽകിയതും പുറത്ത് നിന്ന് പൂട്ടിയ വീട്ടിൽ ഒളിച്ച് കഴിഞ്ഞ നിജിലിന് ഭക്ഷണം എത്തിച്ച് നൽകിയതും സുഹൃത്ത് രേഷ്മയാണെന്ന് പൊലീസ് പറയുന്നു. സിപിഎം ശക്തികേന്ദ്രത്തിൽ പ്രതിയെ താമസിപ്പിച്ചതിൽ പിണറായി പ്രദേശത്ത് വൻ ജനരോഷം ഉണ്ടെന്നും പുറത്തിറങ്ങിയാൽ രേഷ്മയുടെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന് ഭയക്കുന്നതിനാൽ  ജാമ്യം നൽകരുത് എന്നുകൂടി പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, പ്രതി ചേർക്കും മുൻപാണ് സുഹൃത്തായ നിജിലിന് താമസ സൗകര്യം ഒരുക്കിയതെന്നും ഭർത്താവിന്റെ പേരിലുള്ള വീട്ടിൽ നിജിൽ താമസിച്ചതിന് രേഷ്മയ്ക്കെതിരെ കേസെടുക്കാനാകില്ലെന്നുമാണ് രേഷ്മയുടെ അഭിഭാഷകന്റെ വാദം. 

പ്രതിയെ സഹായിച്ചതിന് രേഷ്മ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ രേഷ്മയുടെ ചിത്രം ഉപയോഗിച്ച് അപകീർത്തി പോസ്റ്റുകൾ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം ഇടത് ഗ്രൂപ്പുകളിലും വ്യാപകം. സൈബർ ആക്രമണങ്ങളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിനെ നിഷ്കളങ്കമായി കാണാനാകില്ലെന്നാണ് പറയുന്നത്. ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങുന്ന സമയത്ത് രേഷ്മയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി അജേഷിനെ ചൂണ്ടിക്കാട്ടി രേഷ്മയും ഭർത്താവും ബിജെപി അനുഭാവികളാണെന്ന് സിപിഎം ആരോപണം ആവർത്തിച്ചു. സിപിഎം അനുഭാവമുള്ള കുടുംബമാണ് തങ്ങളുടെന്നാണ് രേഷ്മയുടെ മാതാപിതാക്കൾ പറയുന്നത്. ഹരിദാസന്റെ കൊലപാതകം ബിജെപിയുടെ മേലിൽ കെട്ടിവയ്ക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

Also Read: 'രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്‍തവവിരുദ്ധം'; ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് എം വി ജയരാജന്‍

click me!