
കൽപ്പറ്റ: വയനാട് വെട്ടത്തൂർ ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് വീടുകളില്ലെത്താൻ സ്വന്തമായ ഒരു വഴി. എന്നാൽ ഇവരുടെ പരാതി പരിഹരിക്കാൻ ആരും രംഗത്തെത്തിയില്ല. കഴിഞ്ഞ ദിവസം ചേകാടിയിൽ ആത്മഹത്യ ചെയ്ത വെട്ടത്തൂർ കോളനിയിലെ അമ്മിണിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ആംബുലൻസിൽ എത്തിച്ചത് പെരിക്കല്ലൂർ പന്പ് ഹൗസിനു സമീപം.
പിന്നീട് മൃതദേഹം കോളനിയിലെത്തിക്കാൻ പ്രദേശവാസികൾ ഏറെ കഷ്ടപ്പെട്ടു. സ്ട്രെച്ചറിലേറ്റി രണ്ട് കിലോമീറ്റർ വനപാതയിലൂടെ രാത്രി നടക്കേണ്ടി വന്നു. ആനയും കടുവയും ഉള്ള കാടാണിത്. കോളനിയിലെത്താൻ വൈകിയതിനാൽ സംസ്കാരം അടുത്ത ദിവസത്തേക്ക് മാറ്റി. പകൽ സമയത്തും കാട്ടാനയിറങ്ങുന്ന വനപാതയിലൂടെ ജീവൻ പണയം വെച്ചാണ് ഗ്രാമത്തിലെ വിദ്യാർഥികളുടെ സ്കൂൾയാത്ര.
ഇവിടുത്തെ 22 കുട്ടികൾ പഠിക്കുന്നത് പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിലാണ്. ഊരുവിദ്യാകേന്ദ്രം അധ്യാപികയുടെ സംരക്ഷണയിലാണ് ഈ കുട്ടികൾ രാവിലെയും വൈകിട്ടും വനപാത കടക്കുന്നത്. പുൽപള്ളി ചേകാടി വനപാതയിലൂടെ വേനൽ കാലത്ത് വെട്ടത്തൂർ കോളനി വരെ വാഹനമെത്തും. മഴപെയ്താൽ ഈ വഴിയടയും. പിന്നീട് ആശ്രയം പെരിക്കല്ലൂർ പന്പ് ഹൗസ് ഭാഗത്ത് നിന്നുള്ള വനപാത.
Read more: സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് തിരിച്ചടി
വെട്ടത്തൂർ നിവാസികൾ അത്യാവശ്യ കാര്യങ്ങൾക്കെല്ലാം എത്തേണ്ടത് പെരിക്കല്ലൂർ ടൗണിലാണ്. 18 ഗോത്രകുടുംബങ്ങളാണ് വെട്ടത്തൂർ കോളനിയിലുള്ളത്. സൗകര്യപ്രദമായ വാസസ്ഥലം കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കുകയോ, അല്ലെങ്കിൽ വഴിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയോ ചെയ്യേണ്ടതാണ്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പാത നിർമാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതാണ്.
Read more: നാലാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് മകളെ അമ്മ എറിഞ്ഞുകൊന്നു, ദാരുണ സംഭവം ബെംഗളൂരുവിൽ
എന്നാൽ തുടർ നടപടി ഉണ്ടായില്ല. വനാവകാശ നിയമ പ്രകാരം ഊരുകൂട്ടത്തിന്റെ തീരുമാനം മാനിച്ചു നിലവിലുള്ള വനപാത സഞ്ചാര യോഗ്യമാക്കാനാവും. മഴക്കാലത്ത് പ്രായമായ രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ തലചുമടായി കാട്ടിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് കോളനിവാസികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam