സിഎജിയെ തിരുത്താൻ സർക്കാരിന് അവകാശമുണ്ടെന്ന് ജയിംസ് മാത്യു, പ്രമേയം അസാധാരണമെന്ന് കെസി ജോസഫ്

By Web TeamFirst Published Jan 22, 2021, 11:43 AM IST
Highlights

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാർ പരസ്യമായി രംഗത്ത് വന്നത് ഓർമിപ്പിച്ച അദ്ദേഹം, സമാനമായ നടപടി ആണ് ധനമന്ത്രി ചെയ്തതെന്നും പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി സിഎജിക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഭരണ-പ്രതിപക്ഷ അംഗങ്ങൾ. സിഎജിയെ തിരുത്താൻ അവകാശമുണ്ടെന്ന് ജയിംസ് മാത്യു എംഎൽഎ പറഞ്ഞപ്പോൾ പ്രമേയം അസാധാരണമെന്നായിരുന്നു എതിർപ്പുന്നയിച്ച് കൊണ്ട് കെസി ജോസഫ് പറഞ്ഞത്. എൻഐഎ പോലുള്ള ഏജൻസിയല്ല സിഎജിയെന്ന് ജയിംസ് മാത്യു വാദിച്ചു.

അസാധാരണ സാഹചര്യതിൽ അസാധാരണ നടപടി ഉണ്ടാകുമെന്ന് ജയിംസ് മാത്യു പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാർ പരസ്യമായി രംഗത്ത് വന്നത് ഓർമിപ്പിച്ച അദ്ദേഹം, സമാനമായ നടപടി ആണ് ധനമന്ത്രി ചെയ്തതെന്നും പറഞ്ഞു. ആര് തെറ്റ് ആര് ശരി എന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രമേയം അവതരിപ്പിക്കുന്നതിന് മുൻപ് നിയമസഭാ സമിതി അഡ്വക്കേറ്റ് ജനറലിന്റെയോ നിയമ വകുപ്പ് സെക്രട്ടറിയുടെയോ അഭിപ്രായം തേടിയിരുന്നോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ് ചോദിച്ചു. ഇതിന് മറുപടി പറയാൻ എഴുന്നേറ്റ ധനമന്ത്രി തോമസ് ഐസക്, സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും അതല്ല തന്റെ ചോദ്യമെന്നായിരുന്നു കെസി ജോസഫിന്റെ മറുപടി.

സിഎജി റിപ്പോർട്ടിനെ എന്തിനാണ് സർക്കാർ ഇത്രയും ഭയപ്പെടുന്നതെന്ന് എംകെ മുനീർ ചോദിച്ചു. ആർഎസ്എസ് - സിപിഎം കൂട്ടുകെട്ടാണ് പ്രമേയത്തിന് പിന്നിൽ. രാജ്യത്ത് സിപിഎമ്മും ബിജെപിയും മാത്രം മതിയെന്നാണ് സിപിഎം നിലപാടെന്നും സിഎജി തന്നെ വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും എംകെ മുനീർ പറഞ്ഞു. സിഎജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്നും അതിന് യുഡിഎഫ് കൂട്ടുനിൽക്കുന്നുവെന്നും എഎൻ ഷംസീർ പറഞ്ഞു.

click me!