ലൈഫ് രണ്ടാം ലാവലിൻ; കേരളത്തിൽ കൊള്ള സംഘത്തിന്‍റെ ഭരണം, ജനങ്ങൾക്ക് മുന്നിൽ അവിശ്വാസം ജയിച്ചെന്നും ചെന്നിത്തല

By Web TeamFirst Published Aug 24, 2020, 4:28 PM IST
Highlights

കൊള്ള സംഘത്തിന്‍റെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രിമാരൊന്നും ഒന്നും അറിയുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് നിയമസഭയിൽ പരാജയപ്പെടുമെന്ന് അറിയാതെ അല്ലെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ അവിശ്വാസ പ്രമേയം ജയിച്ചു .മുഖ്യമന്ത്രിക്ക് മംഗള പത്രം എഴുതുകയാണ് ഭരണ പക്ഷത്തെ എല്ലാവരും ചെയ്തത്. എന്നാൽ നാലര വര്‍ഷത്തെ ഇടത് ഭരണം ഇഴകീറി പരിശോധിക്കാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് കിട്ടിയതെന്നും അതിൽ അഭിമാനമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ഭരണം എകെജി സെന്‍ററിൽ നിന്നാണ്. പാര്‍ട്ടി സെക്രട്ടറിയെ പോലും നോക്കുകുത്തിയാക്കി ഏകപക്ഷീയമായ ഭരണമാണ് . ഇത് ജനംപൊറുക്കില്ല. പ്രതിപക്ഷ നേതാവ് ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു എന്ന് എല്ലാവരും പറയുന്നു. രേഖകളുടെ പിൻബലമില്ലാതെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് മാത്രമല്ല ആരോപണങ്ങളെല്ലാം ജനം വിശ്വസിക്കുകയാണ്. ഒന്നും വെറുതെയായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മുന്നണിയോ ഘടകക്ഷികളോ പാര്‍ട്ടിയോ പോലും അറിയാതെയാണ് അഴിമതി നടക്കുന്നത്. കേരളത്തിലെ ഭരണത്തിന് പിന്നിൽ അധോലോകം പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ കൊള്ളയാണ് നടക്കുന്നത്. മന്ത്രിമാർ ഒന്നും അറിയുന്നില്ല. യഥാർത്ഥ മന്ത്രി ശിവശങ്കരൻ ആയിരുന്നു എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. നടപടി ക്രമങ്ങൾ ഒന്നും പാലിക്കാത്ത കൺസൾട്ടൻസി രാജാണ് കേരളത്തിൽ നടക്കുന്നത്. 

ദേശീയ പാത യുടെ സമീപത്തു വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ ക്രമക്കേട് ഉണ്ടെന്നും എഴുതി നൽകിയ അഴിമതി ആരോപണത്തിൽ ചെന്നിത്തല പറ‌ഞ്ഞു. ഐഒസി യുടെ പ്രൊപോസൽ തള്ളിയാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയത്. പൊതുമരാമത്ത് മന്ത്രിപോലും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മിനി അദാനിമാരെ സഹായിക്കാനാണ് എല്ലാ പദ്ധതികളുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഐ ഒ സി ക്വട് ചെയ്ത തുകയുടെ പകുതി തുകക്ക് സ്വകാര്യ സ്ഥാപനത്തിന് നൽകാൻ ശ്രമിച്ചു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറി കടന്നാണ് തീരുമാനം. ബിസിനസ് റൂൾസ് ലംഘിച്ച് പൊതുമരാമത്ത് സെക്രട്ടറി ഉത്തരവ് ഇറക്കി. 

ലൈഫ് പദ്ധതിയിൽ  നടന്നത് കൊള്ളയാണ് .  റെഡ് ക്രസന്റ് പദ്ധതി തുടങ്ങാൻ റെഡ് ക്രോസ് അനുമതി വാങ്ങണം.  ലൈഫ് പദ്ധതിയിലെ ധാരണ പത്രം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പകര്‍പ്പ് നൽകാൻ തയ്യാറായിട്ടില്ല. ലൈഫ് പദ്ധതി രണ്ടാം ലാവ്ലിൻ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
 

 

 

click me!