
കോട്ടയം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആത്മഹത്യ ചെയ്ത ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ അച്ഛൻ സതീശൻ. മകൾ മരിച്ചതിന്റെ കാരണമറിയണം. അതിനായി നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു. ''ഞങ്ങളുടെ കുട്ടി ഉച്ച വരെ ഹാപ്പിയായിരുന്നു. അതിന്റെ മെസേജുകളൊക്കെ അയച്ചിട്ടുണ്ട്. ആ ഒരു മണിക്കൂറിന് ശേഷം കൊച്ചിന് മരിക്കണമെന്ന് കൂട്ടുകാരോട് പറയണമെന്നുണ്ടെങ്കിൽ ആ കാബിനിൽ നിന്നിറങ്ങിയപ്പോൾ ഒരു സംഭവം അവിടെ ഉണ്ടായിട്ടുണ്ട്. അതെന്താണെന്ന് ഞങ്ങൾക്കറിയണം. അതിനെതിരെ കടുത്ത നടപടി എടുക്കുകയും വേണം. ശക്തമായി തന്നെ മുന്നോട്ട് പോകും. അതിനുള്ള മറുപടി അവർ തന്നേ മതിയാകൂ.'' അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ അടുത്ത നടപടി സ്വീകരിക്കുമെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.
ശ്രദ്ധയുടെ ആത്മഹത്യയെ തുടർന്ന് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നതാണ് ചർച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്.
ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും. പ്രധാനമായും ഈ മൂന്ന് ഉറപ്പുകൾ നൽകിയാണ് മന്ത്രിമാർ വിദ്യാർത്ഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
'ക്രൈംബ്രാഞ്ച് അന്വേഷണത്തിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam