കൊല്ലത്ത് പൊലീസും ഗുണ്ടകളും തമ്മിലേറ്റുമുട്ടി, വടിവാൾ വീശി ആക്രമികൾ; വെടിയുതിർത്ത് പൊലീസ്  

By Web TeamFirst Published Jan 28, 2023, 12:32 PM IST
Highlights

ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു.

കൊല്ലം : കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലേറ്റുമുട്ടി. ഇന്ന് പുലർച്ചെ കൊല്ലം കുണ്ടറയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ടതോടെ വടിവാൾ വീശി. ഇതോടെ പൊലീസ് നാല് റൗണ്ട് വെടിയുതിർത്തു. പ്രതികൾ കായലിൽ ചാടി രക്ഷപ്പെട്ടു. പ്രതികളായ ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെട്ടത്.

അതീവ രഹസ്യമായായിരുന്നു ഇൻഫോ പാര്‍ക്ക് പൊലീസിന്റെ നീക്കം. മഫ്തിയിലായിരുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് ജീപ്പ് ഉപേക്ഷിച്ച് ടാക്സി കാറിലാണ് കുണ്ടറയിലെത്തിയത്. വിവരം ചോരുമോയെന്ന സംശയത്തിൽ കുണ്ടറ പൊലീസിനെപ്പോലും യാതൊന്നുമറിയിച്ചില്ല. കേസിലെ പ്രതിയായ ലിബിൻ ലോറൻസിനെ ആദ്യം പിടികൂടി. പിന്നാലെ ആന്റണി ദാസിനെയും ലൂയി പ്ലാസിഡിനെയും പിടൂകാനായി  പടപ്പക്കര കരിക്കുഴിയിലെ ഒളിത്താവളത്തിലെത്തി. എന്നാൽ പ്രതികൾ പുലർച്ചെയോടെയാണ് സ്ഥലത്തേക്ക് എത്തിയത്.  

ആന്റണിദാസും ലൂയി പ്ലാസിഡും വീട്ടിലേക്ക് കയറുന്നതിനിടെയാണ് പൊലീസ് സംഘം പിടികൂടാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പ്രതികൾ കൈവശമുണ്ടായിരുന്ന വടിവാളെടുത്തു വീശി. പൊലീസിന് നേരെ പ്രതികൾ തിരഞ്ഞതോടെയാണ് ഇൻഫോപാര്‍ക്ക് സിഐ വിപിൻദാസ് തോക്കെടുത്ത് നാല് റൗണ്ട് വെടിയുതിര്‍ത്തത്. പിന്തിരിഞ്ഞ് ഓടിയ പ്രതികൾ കായലിൽ ചാടി രക്ഷപെട്ടു. പ്രദേശമാകെ പൊലീസ് സംഘം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. 

ഇരുവര്‍ക്കുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. ജീവഭയം കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇൻഫോപാര്‍ക്ക് സിഐയും വിശദീകരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെ പിടികൂടാൻ ഉദ്യോഗസ്ഥരെത്തിയത് മുന്നൊരുക്കമില്ലാതെയാണെന്നും കുണ്ടറ പൊലീസിന്റെ സഹായം തേടിയില്ലെന്നുമുള്ള വിമര്‍ശനമാണ് സേനക്കുള്ളിൽ ഉയരുന്നത്. ഇക്കഴിഞ്ഞ 25 നാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ലിബിൻ വര്‍ഗീസിനെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിൽ അടൂരിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. കേസിൽ നേരത്തെ അഞ്ച് പ്രതികളെ ഇൻഫോപാർക്ക് പൊലീസ് പിടികൂടിയിരുന്നു.

ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ കഴിഞ്ഞ ദിവസമാണ് കാക്കനാട് നിന്ന് തട്ടികൊണ്ടുപോയി അടൂരില്‍ വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഗുണ്ടാപകയും സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിനും ആക്രമണത്തിനും കാരണമെന്നാണ് പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ആക്രമി സംഘത്തിലെ ഒരാളുടെ കാര്‍ ലിബിൻ വർഗീസ് മറിച്ചു വിറ്റിരുന്നു. ഇതിന്‍റെ പണം നിരവധി തവണ ആവശ്യപെട്ടിട്ടും തന്നില്ല. തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യമായി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പിടിയിലായ  പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. ലിബിൻ വർഗീസിനൊപ്പം തട്ടിക്കൊണ്ടു പോയ ഭാര്യയെ തൊട്ടടുത്തു തന്നെ സംഘം ഉപേക്ഷിച്ചിരുന്നു.


 

tags
click me!