സ്വപ്നയുടെ വെളിപ്പെടുത്തൽ, വാക്പോര്, മുഖ്യമന്ത്രിക്ക് പേടിയെന്ന് സതീശൻ, തിരിച്ചടിച്ച് പിണറായി

Published : Feb 24, 2022, 01:50 PM ISTUpdated : Feb 24, 2022, 03:24 PM IST
സ്വപ്നയുടെ വെളിപ്പെടുത്തൽ, വാക്പോര്, മുഖ്യമന്ത്രിക്ക് പേടിയെന്ന് സതീശൻ, തിരിച്ചടിച്ച് പിണറായി

Synopsis

വെളിപ്പെടുത്തലിൽ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാൽ പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങുന്ന അസാധാരണ രംഗങ്ങളാണ് സഭയിലുണ്ടായത്.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻറെ (Swapna Suresh ) വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheesan). സർക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലിൽ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാൽ പ്രതിപക്ഷം നിയമസഭ ബഹിഷ്ക്കരിച്ചു. ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങുന്ന അസാധാരണ രംഗങ്ങളാണ് സഭയിലുണ്ടായത്. കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം തുടരുന്നത് കൊണ്ടും അടിയന്തിര പ്രമേയം അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.

സ്വപ്നയുടെ വെളിപ്പെടുത്തലിനെ ചൊല്ലി നാടകീയരംഗങ്ങളാണ് ഇന്ന് നിയമസഭയിൽ അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ പറയാൻ ദേശീയ അന്വേഷണ ഏജൻസികൾ നിർബന്ധിച്ചുവെന്ന ഓഡിയോ കൃത്രിമമാണെന്നത് അടക്കം സ്വപ്ന സുരേഷ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളിലായിരുന്നു അടിയന്തിരപ്രമേയ നോട്ടീസ്. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം നടക്കുന്നത് കൊണ്ടും പറ്റില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. നോട്ടീസ് അനുവദിക്കില്ലെന്ന നിലപാടിൽ സ്പീക്കറർ ഉറച്ചുനിന്നതോടെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. കോടതി പരിഗണനയിലിരിക്കെ സോളാർ കേസിൽ നിരവധി തവണ നിയമസഭയിൽ അടിയന്തിരപ്രമേയം അനുവദിച്ച കീഴ്വഴക്കം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചിട്ടും സ്പീക്കർ വഴങ്ങിയില്ല. ബഹളത്തിനിടെ സ്പീക്കർ മറ്റ് നടപടികളിലേക്ക് കടന്നു.

പിന്നാലെ പ്രതിപക്ഷം വലിയ ബാനർ വെച്ച് സ്പീക്കറുടെ ഇരിപ്പിടം മറച്ചു. സ്പീക്കർ കുപിതനായി. പിന്നാലെ ഭരണപക്ഷവും സീറ്റിൽ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്കിറങ്ങി. സംഘർഷ സാധ്യത മുന്നിൽകണ്ട് സ്പീക്കർ സഭ നിർത്തിവെച്ചു. കക്ഷിനേതാക്കളുമായി സ്പീക്കർ ചർച്ച നടത്തി. അരമണിക്കൂറിന് ശേഷം വീണ്ടും സഭ ചേർന്നപ്പോഴും ചർച്ച വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.

സർക്കാരിന് അപ്രിയം ആയ കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്യേണ്ട എന്നാണ് സ്പീക്കറിന്‍റെ നിലപാടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്തിനു പേടിക്കുന്നു. നിരപരാധി എങ്കിൽ എന്തിനു ചർച്ച വേണ്ടെന്നു വെക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു സ്വപ്നയുടെ ഓഡിയോ ടേപ്പ് കൃത്രിമം എന്ന് സ്വപ്ന പറഞ്ഞു. സ്വപ്നയെ കൊണ്ട് പറയിച്ചതിനു പിന്നിൽ ഗൂഡലോചന ഉണ്ട്. ശിവശങ്കർ ഇല്ലാത്ത മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ഗൂഡലോചന നടന്നു. കസ്റ്റംസിന് സ്വപ്ന കൊടുത്ത മൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ പരാമർശം ഉണ്ടെന്നും സതീശന്‍ ആരോപിച്ചു.

സ്വപ്നയുടെ കുറ്റ സമ്മത മൊഴി പുറത്ത് വരുമോ എന്ന് മുഖ്യമന്ത്രിക്ക് പേടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്നയെ അകത്താക്കാനാണ് സര്‍ക്കാര്‍ ശ്രമം. സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഒരു അന്വേഷണവും ഇല്ല. സോളാർ കേസ് പ്രതിയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സർക്കാർ സ്വർണ്ണക്കടത്തിൽ സ്വീകരിക്കുന്നത് ഇരട്ടതാപ്പാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശിവശങ്കറിനെ ഇപ്പോഴും മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ജേക്കബ് തോമസ് പുസ്തകം എഴുതിയപ്പോൾ സസ്പെൻഷന്‍ ചെയ്തു. എന്നാല്‍, ശിവശങ്കരിന് സംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. രണ്ട് നീതി ആണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നീക്കത്തിനെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമര്‍ശിച്ചു. സ്വർണം ആരാണ് കൊണ്ടുവന്നത്, ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന രണ്ട് ചോദ്യത്തിനും ഉത്തരമില്ല. പ്രതിപക്ഷം അത് തേടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സർക്കാരിനെ കരിവാരി തേക്കുക മാത്രമാണ് പ്രതിപക്ഷത്തിന്‍റെ നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കി ഇന്ന് പിരിയുന്ന സഭ മാര്‍ച്ച് 11 ന് ബജറ്റ് അവതരണത്തോടെ പുനരാരംഭിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാർ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി
ബൈക്കിൽ കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് അപകടം; ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാറിന് ദാരുണാന്ത്യം