
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദം പൊളിയുന്നതാണ് കെ പി ശ്രീജിത്തിന്‍റെ വെളിപ്പെടുത്തല്‍.
ഏപ്രിൽ 18ന് വിനോദിനിയും 29 ന് ബിനോയിയും ചർച്ചയ്‍ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകൻ കെ പി ശ്രീജിത്ത് വ്യക്തമാക്കുന്നു. ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്‍റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു.
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്‍റെതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചർച്ചയില്‍ പറഞ്ഞതായി കെ പി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡിഎൻഎ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകൻ പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചര്‍ക്കുന്നു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും കെ പി ശ്രീജിത്ത് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam