വന്‍കിടക്കാര്‍ക്കായി നിയമം വഴി മാറും, സാധാരണക്കാരന് ചുവപ്പ് നാടയും ചെരുപ്പ് തേയലും; റവന്യൂ ഓഫീസുകളിലെ കഥകള്‍

By Web TeamFirst Published May 25, 2023, 12:58 PM IST
Highlights

സാധാരണക്കാരായ അപേക്ഷകര്‍ വീട് വയ്ക്കാനുള്ള അനുമതിക്കായി വര്‍ഷങ്ങളായി കാത്തിരിപ്പ് തുടരുമ്പോള്‍ വന്‍കിടക്കാര്‍ക്ക് മുന്നില്‍ നിയമം വഴിമാറുന്നതിന്റെ കാഴ്ചകളും ഏറെയാണ്..

കോഴിക്കോട്: സംസ്ഥാനത്തെ റവന്യൂ ഓഫീസുകളുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉയര്‍ന്ന പരാതികള്‍ ഏറെയും ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ളതാണ്. പൊലീസ്, റവന്യൂ വിജിലന്‍സ് വിഭാഗങ്ങള്‍ക്ക് കിട്ടിയ പരാതികളും ഇക്കാര്യം തെളിയിക്കുന്നു. സാധാരണക്കാരായ അപേക്ഷകര്‍ വീട് വയ്ക്കാനുള്ള അനുമതിക്കായി വര്‍ഷങ്ങളായി കാത്തിരിപ്പ് തുടരുമ്പോള്‍ വന്‍കിടക്കാര്‍ക്ക് മുന്നില്‍ നിയമം വഴിമാറുന്നതിന്റെ കാഴ്ചകളും ഏറെയാണ്. മണ്ണാര്‍ക്കാട്ട് പാലക്കയം വില്ലേജ് ഓഫീസിലെ അഴിമതി കഥകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തില്‍ നിന്നും പരാതികള്‍ ഉയരുന്നത്. ഒരായുസ്സിന്റെ സമ്പാദ്യം എല്ലാം സ്വരൂകുട്ടി വെച്ചിട്ടും വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആകാത്ത മനുഷ്യര്‍. പ്രവാസിയായിരുന്ന രവീന്ദ്രനും, അയല്‍വാസി ദാമോദരനും ഇരുവര്‍ക്കും പറയാനുള്ളത് ഒരേ അനുഭവമാണ്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്‍കിടക്കാര്‍ക്കും കൈക്കൂലിക്കാര്‍ക്കും മുന്നില്‍ എങ്ങനെ വഴിമാറുന്നെന്നും സാധാരണക്കാര്‍ക്ക് മുന്നില്‍ എങ്ങനെ വഴിയടയ്ക്കുന്നു എന്നും ബോധ്യമാകാന്‍ ഇവരുടെ അനുഭവം ശ്രദ്ധിച്ചാല്‍ മതി.

ഏറെക്കാലം വിദേശത്ത് ജോലി ചെയ്തതില്‍ നിന്ന് മിച്ചം പിടിച്ചാണ് കൂത്താളി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ രവീന്ദ്രന്‍ 2017ല്‍ 15 സെന്റ് ഭൂമി തന്റെയും ഭാര്യ ശാന്തയുടെയും പേരില്‍ വാങ്ങിയത്. ഭൂമി വാങ്ങുമ്പോള്‍ മണ്ണിട്ട് നികത്തിയ നിലയില്‍ ആയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള മരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ വീട് നിര്‍മ്മാണം തുടങ്ങി പെര്‍മിറ്റിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ഘട്ടത്തിലാണ് ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട കാര്യം അറിയുന്നത്. തുടര്‍ന്ന് തരം മാറ്റാന്‍ അപേക്ഷ നല്‍കി. സ്ഥലപരിശോധനയ്ക്ക് എത്തിയ കൃഷി ഓഫീസര്‍ ഇവിടുത്തെ കാഴ്ചകള്‍ എല്ലാം കണ്ടിട്ടും ഇത് വയല്‍ തന്നെ എന്ന് രേഖപ്പെടുത്തിയതായിരുന്നു രവീന്ദ്രന്റെ സ്വപ്നത്തിനേറ്റ ആദ്യ തിരിച്ചടി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ട് രവീന്ദ്രന്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി. ഉപഗ്രഹ സര്‍വ്വേ നടത്താന്‍ പണം അടയ്ക്കുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി വീണ്ടും അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ ദാമോദരന്‍ ഒടുവില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങി. കൈക്കൂലി കൊടുക്കാത്തതാണ് തന്റെ കാര്യത്തിലും വിലങ്ങുതടി ആയതെന്ന് ദാമോദരന്‍ പറയുന്നു.

രവീന്ദ്രന്റെയും ദാമോദരന്റെയും അപേക്ഷകള്‍ അനുവദിക്കാവുന്നതാണോ എന്ന് തീരുമാനമെടുക്കേണ്ടത് ആര്‍ഡി  ഓഫീസില്‍ നിന്നാണ്. എന്നാല്‍ ഇത്തരം അപേക്ഷകളില്‍ വര്‍ഷങ്ങളോളം അടയിരിക്കുന്ന ഉദ്യോഗസ്ഥ സംവിധാനം അടുത്തകാലത്ത് പോലും നികത്തിയ വയലുകളില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന കാഴ്ചകളാണ് അഴിമതിയുടെ തെളിവായി മാറുന്നത്. 2018ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിയോടെയാണ് റവന്യൂ ഓഫീസുകളില്‍ അപേക്ഷകളുടെ എണ്ണം പെരുകിയത്. അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് ആര്‍ഡി ഓഫീസുകളില്‍ നിന്ന് ആണെങ്കിലും ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ കൃഷി ഓഫീസറും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമി സംബന്ധിച്ചാണ് പരാതി എങ്കില്‍ വില്ലേജ് ഓഫീസറും ആണ് ഫീല്‍ഡ് പരിശോധന നടത്തേണ്ടത്. 2008നു ശേഷം നികത്തിയ വയല്‍ ഭൂമി തരം മാറ്റാന്‍ അനുമതി ഇല്ലെങ്കിലും സാധാരണക്കാര്‍ക്ക് നേരെ മുഖം തിരിക്കുന്ന ഉദ്യോഗസ്ഥലോബി പണം വാങ്ങി ഇത്തരം ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്നത് ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ നിലനില്‍ക്കുന്ന പരാതിയാണ്.
 

 എന്തിനുമേതിനും കൈക്കൂലി! വിജിലൻസ് പിടിയിലായവരിൽ കൂടുതലും റവന്യു വകുപ്പിൽ; നടപടികൾ പ്രഖ്യാപനം മാത്രം 

 


 

click me!