പെരുമ്പാവൂർ സ്വദേശിയായ സുനില്‍ കുമാര്‍ സിനിമാക്കാര്‍ക്കിടയില്‍ സുനിക്കുട്ടനെന്നാണ് അറിയപ്പെട്ടിരുന്നത്. പള്‍സര്‍ സുനി നേരത്തെയും ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായിരുന്നു.
കൊച്ചി: സിനിമാക്കാര്‍ക്കിടയില്‍ സുനിക്കുട്ടനെന്ന് അറിയപ്പെട്ടിരുന്നയാളാണ് പള്‍സര്‍ സുനി. പെരുമ്പാവൂർ സ്വദേശിയായ സുനില്‍ കുമാര്‍. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളില്‍ ഒന്നിന്‍റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി നേരത്തെയും ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായിരുന്നു. ആക്രമിക്കപ്പെട്ട നടി സുനിയെ എളുപ്പത്തിൽ തിരിച്ചറിഞ്ഞു. കേസില്‍ സുനി അറസ്റ്റിലായതുപോലും അതിനാടകീയമായി ആയിരുന്നു.
കൊച്ചി നഗരത്തിലെ തിരക്കിലൂടെ രാത്രിയിലോടിയ വാഹനത്തില്‍ നടി ക്രൂരമായ ആക്രമണത്തിന് ഇരയായത് 2017 ഫെബ്രുവരി 17നാണ്. ശേഷമാണ് പള്‍സര്‍ സുനിയെന്ന കൊടും ക്രിമിനലിനെ കേരളം അറിഞ്ഞത്. മോഷണവും പിടിച്ചുപറിയുമെല്ലാം സ്ഥിരമാക്കിയ പെരുമ്പാവൂര്‍ കാരന്‍ സുനില്‍കുമാര്‍ അതിന് മുന്‍പേ പൊലീസിന്‍റെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടയാളായിരുന്നു.
പെരുമ്പാവൂര്‍ ഐമുറി നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ ശോഭന ദമ്പതികളുടെ മകനാണ് സുനിൽ കുമാർ. തുടക്കം ലഹരി വിതരണത്തിലായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വിതരണം ചെയ്തതിനാണ് സുനില്‍ കുമാറിനെതിരെ ആദ്യം പൊലീസ് കേസെടുത്തത്. കഞ്ചാവ് കേസില്‍ ആറ് മാസം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സുനി ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി മോഷണം തുടങ്ങി. സ്ഥാപന ഉടമയുടെ പണം കവര്‍ന്ന് പള്‍സര്‍ ബൈക്ക് വാങ്ങിയതോടെയാണ് പള്‍സര്‍ സുനിയെന്ന പേര് വീണത്. പലരുടെയും പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നതും സുനിക്ക് ശീലമായിരുന്നു. മോഷണത്തിനൊപ്പം ആളുകളെ ഉപദ്രവിക്കുന്നതുകൂടി പതിവായതോടെ കോടനാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സുനി ഉള്‍പ്പെട്ടു.
ഇതിനെല്ലാം ഇടയിലാണ് സിനിമാ മേഖലയിലേക്കും പള്‍സര്‍ സുനി എത്തുന്നത്. പല സിനിമാ താരങ്ങളുടെയും ഡ്രൈവറായും സെറ്റിലെ വാഹനങ്ങള്‍ ഓടിക്കലുമെല്ലാമായിരുന്നു ജോലി. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയുടെ വാഹനമോടിച്ചിരുന്നതും സുനിയായിരുന്നു. ഷൂട്ടിങ് സെറ്റുകളില്‍ താരങ്ങളുള്‍പ്പെടെ സ്നേഹത്തോടെ പള്‍സര്‍ സുനിയെ വിളിച്ചത് സുനിക്കുട്ടനെന്നായിരുന്നു. പല കേസുകളിലും പ്രതിയായി കഴിയുന്നതിനിടയിലായിരുന്നു പള്‍സര്‍ സുനി മുകേഷിന്‍റെ വാഹന ഡ്രൈവറായിരുന്നത്. 2013ല്‍ സുനിയെ പറഞ്ഞുവിട്ടതായി മുകേഷ് ഒരിക്കല്‍ പറഞ്ഞിരുന്നു
നടിമാര്‍ക്കെല്ലാം സുപരിചിതനായ പള്‍സര്‍ സുനിയെ 2017ലെ ആ കറുത്ത രാത്രിയില്‍ ആക്രമിക്കപ്പെട്ട നടിയും എളുപ്പം തിരിച്ചറിഞ്ഞു. താന്‍ സ്വമേധയാ ചെയ്യുന്നതല്ല ഇതെന്നും ക്വട്ടേഷന്‍ ജോലിയാണെന്നുമായിരുന്നു പള്‍സര്‍ സുനി നടിയോട് പറഞ്ഞത്. അന്ന് ഒളിവില്‍ പോയ സുനിയെ 2017 ഫെബ്രുവരി 23ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
അറസ്റ്റിലായ സുനി മേനകാ സുരേഷിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഭര്‍ത്താവും നിര്‍മാതാവുമായ ജി സുരേഷ് കുമാറും അന്ന് രംഗത്തുവന്നിരുന്നു. ഏഴ് വര്‍ഷത്തെ വിചാരണ തടവ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനിക്കെതിരെ പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം അഴിച്ചുവിട്ടതിനും കേസെടുത്തിട്ടുണ്ട്.



