
തിരുവനന്തപുരം: ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ (revenue minister k rajan). അന്യാധീനപ്പെട്ട സർക്കാർ ഭൂമി (Government Land) തിരിച്ചുപിടിക്കുമെന്നും മന്ത്രി ഉറപ്പ് പറയുന്നു. നൂറ് ദിന കർമ്മ പദ്ധതിയിൽ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലക്ഷ്യത്തിലേക്ക്
എത്തിക്കാനായെന്നും മന്ത്രി നമസ്തേ കേരളത്തിൽ അവകാശപ്പെട്ടു.
പൊതുജനത്തിന് വകുപ്പിനെ സംബന്ധിക്കുന്ന പരാതികളും സംശയങ്ങളും അറിയിക്കാനായി അവസരമൊരുക്കുമെന്നും കെ രാജൻ അറിയിച്ചു. ഇതിനായി കോൾസെന്ററുകൾ തുറക്കാനാണ് റവന്യൂവകുപ്പ് നീക്കം. ജനോപകാരപ്രദമായ പല നടപടികൾക്കും അധികാരത്തിലേറിയ ശേഷം തുടക്കം കുറിക്കാൻ ആയെന്നാണ് സർക്കാരിന്റെ അവകാശവാദം.
അർഹതപ്പെട്ട എല്ലാവർക്കും ഭൂമി ഉറപ്പാക്കും, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായി ലാന്റ് ബാങ്കും , ഡിജിറ്റൽ സർവേയും അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകും. ഡിജിറ്റൽ റീ സർവ്വേ നാല് വർഷം കൊണ്ട് പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കുകയാണ്.
കേരളത്തെ ഇന്ത്യയിലാദ്യമായി യുണീക് തണ്ടപ്പേര് ഏർപ്പെടുത്തുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് റവന്യു വകുപ്പ്. ഇത് വരുന്നതോടെ ഭൂ രേഖകൾ കൃത്യമാക്കുന്ന കാര്യത്തിൽ ചരിത്രപരമായ നേട്ടം സംസ്ഥാനത്തിനുണ്ടാക്കാൻ കഴിയുമെന്നാണ് മന്ത്രിയുടെ വിശ്വാസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam