സ്ത്രീ സമത്വമാണ് ലക്ഷ്യമെന്ന് പി സതീദേവി; വനിതാ കമ്മീഷൻ അധ്യക്ഷയായി ഇന്ന് ചുമതലയേൽക്കും

By Web TeamFirst Published Oct 1, 2021, 8:33 AM IST
Highlights

സ്ത്രീ വിരുദ്ധ സമീപനം എല്ലാ മേഖലയിലുമുണ്ട്. ഇത് മാറ്റാനുള്ള ശ്രമമുണ്ടാകും. ഹരിതയുടെ  പരാതി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സതീദേവി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന  വനിതാ കമ്മിഷന്‍ (women commission)അധ്യക്ഷയായി അഡ്വ. പി. സതീദേവി (P Satheedevi) ഇന്ന് ചുമതലയേൽക്കും. സ്ത്രീ സമത്വമാണ് ലക്ഷ്യമെന്നും മതസമുദായ രാഷ്ട്രീയ പരിഗണനക്കപ്പുറം പ്രവർത്തിക്കുമെന്നും സതീദേവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണം. ആ സാഹചര്യമാണ് ഉണ്ടാകേണ്ടതെന്ന ബോധം എല്ലാവർക്കും വേണം. കൂടിയ പീഡനങ്ങൾ ഭീതിദ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. പൊലീസിനുള്ളിൽ സ്ത്രീപക്ഷ സമീപനം ഉണ്ടാകണം. സ്ത്രീ   വിരുദ്ധ സമീപനം എല്ലാ മേഖലയിലുമുണ്ട്. ഇത് മാറ്റാനുള്ള ശ്രമമുണ്ടാകും. ഹരിതയുടെ  പരാതി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സതീദേവി പറഞ്ഞു.

വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ എം സി ജോസഫൈൻ രാജി വച്ച ഒഴിവിലാണ് നിയമനം. 2004 മുതല്‍ 2009 വരെ വടകര  മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. 

മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി  നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. പരമാധികാരികള്‍ നമ്മള്‍ തന്നെ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

click me!