
തിരുവനന്തപുരം: സര്‍ക്കാര്‍ പതിച്ചു നൽകിയ ഭൂമിയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് റവന്യുമന്ത്രിയുടെ നിർദ്ദേശം. മന്ത്രി അറിയാതെയും ചട്ടങ്ങൾ ഭേദഗതി ചെയ്യാതെയും റവന്യുസെക്രട്ടറി ഉത്തരവിറക്കിയതാണ് കാരണം. സെക്രട്ടറിക്ക് മന്ത്രി നൽകിയ കുറിപ്പിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
ഈ മാസം അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍മാണ വസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഭൂപതിവ് ചട്ടപ്രകാരം നല്‍കിയ ഭൂമിയില്‍ വീടു വയ്ക്കാനോ കൃഷി ചെയ്യാനോ മാത്രമെ അനുവാദമുളളൂ. ഈ ചട്ടം ഭേദഗതി ചെയ്ത്, കൃഷി യോഗ്യമല്ലെന്ന് കൃഷി ഓഫീസറടങ്ങുന്ന സമിതി കണ്ടെത്തുന്ന ഭൂമിയില്‍ കളക്ടറുടെ അനുമതിയോടെ ഖനനം നടത്താമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം.
ഇത്തരത്തിലുളള ഭൂമിയില്‍ നിലവില്‍ അനുമതിയില്ലാതെ ഖനനം നടത്തുന്ന ക്വാറികളില്‍ നിന്ന് സിനീയറേജ് ഇനത്തില്‍ തുക ഈടാക്കി ഖനനം ക്രമപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. പിന്നാലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു ഇറക്കിയ ഉത്തരവാണിത്.
ചട്ടം ഭേദഗതി ചെയ്യാതെയും വകുപ്പ് മന്ത്രിയുടെ അനുമതിയില്ലാതെയുമായിരുന്നു ഉത്തരവ് . ഒരു ചട്ടം ഭേദഗതി ചെയ്യണമെങ്കില്‍ ആദ്യം ഭേദഗതി ചട്ടം തയ്യാറാക്കണം തുടര്‍ന്ന് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കണം. പിന്നീട് നിയമ വകുപ്പ് പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കേണ്ടത്.
എന്നാലിവിടെ തിരക്കിട്ട് വകുപ്പ് സെക്രട്ടറി ഉത്തറവിറക്കിയത് ക്വാറി മാഫിയയുടെ സ്വാധീനത്തെത്തുടര്‍ന്നെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് താന്‍ കണ്ട ശേഷം മാത്രമെ ഭേദഗതി ചട്ടം പുറപ്പെടുവിക്കാവൂ എന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കിയത്. ചട്ടം ഭേദഗതി ചെയ്യും വരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് കളക്ര്‍ടമാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും മന്ത്രി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഹാരിസണ്‍ കേസിനു സമാനമായ രീതിയില്‍ റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കിയാണ് ക്വാറി വിഷയത്തിലും ഒരു സംഘം കരുക്കള്‍ നീക്കിയത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് പ്രത്യേക താല്‍പര്യമെടുത്തായിരുന്നു വിഷയം മന്ത്രിസഭയില്‍ കൊണ്ടുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam