നീളെ നീളെ; കെപിസിസി ഭാരവാഹി പട്ടികയിൽ തീരാത്ത തർക്കം? സോണിയക്ക് കൈമാറാനായിട്ടില്ല, തീരുമാനം എന്നുണ്ടാകും?

By Web TeamFirst Published Oct 19, 2021, 12:35 AM IST
Highlights

കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിന് കൈമാറിയ പട്ടികയില്‍ ഓരോ ദിവസവും നേതാക്കള്‍ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുന്നു

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക (KPCC Leaders) പ്രഖ്യാപനം അനിശ്ചിതത്വത്തില്‍. ഇന്ന് നാളെയെന്ന് പറഞ്ഞ് പട്ടിക പ്രഖ്യാപനംഅനിശ്ചിതമായി നീളുകയാണ്. തര്‍ക്കം തീര്‍ത്ത് പട്ടിക നല്‍കിയെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ആശയക്കുഴപ്പം അവസാനിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിന്(Tariq Anwar) കൈമാറിയ പട്ടികയില്‍ ഓരോ ദിവസവും നേതാക്കള്‍ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുന്നു. ഇതിനിടെ വനിത, ദളിത്, യുവ പ്രാതിനിധ്യത്തില്‍ തട്ടി ചില ഭേദഗതികള്‍ ഹൈക്കമാന്‍ഡും  നിര്‍ദ്ദേശിച്ചു.  പട്ടികയുടെ ഉള്ളടക്കത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത രമേശ് ചെന്നിത്തലയും(Ramesh Chennithala) ഉമ്മന്‍ചാണ്ടിയും(Oommen Chandy) അതൃപ്തി അറിയിക്കുകയും ചെയ്തു.

പട്ടിക കൈമാറിയെന്നല്ലാതെ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം എങ്ങനെ എന്നത് സംബന്ധിച്ച് ഒരു ചിത്രവും ഇരുവര്‍ക്കും കിട്ടിയിട്ടില്ല. ആദ്യം നിശ്ചയിച്ച ചിലരെ വെട്ടി വീണ്ടും വെട്ടി അങ്ങനെ പ്രഖ്യാപനം നീളുകയാണ്. പ്രളയ സാഹചര്യം തുടര്‍ ചര്‍ച്ചകളെയും ബാധിച്ചെന്നാണ് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.

അതേ സമയം സംഘടന തെരഞ്ഞെടുപ്പ് എഐസിസി പ്രഖ്യാപിച്ചതോടെ ഭാരവാഹികളെ വയ്ക്കുന്നത് ചോദ്യം ചെയ്ത്  ചില മുതിര്‍ന്ന നേതാക്കളും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പുതിയ നിയമനങ്ങളോ അച്ചടക്ക നടപടിയോ പാടില്ലെന്ന പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ പോലും അണിയറ നീക്കമുണ്ടെന്നാണ് വിവരം. കൂടുതല്‍ നൂലാമാലകളിലേക്ക് പോയിക്കഴിഞ്ഞാല്‍ അത് അഖിലേന്ത്യ തലത്തില്‍ തന്നെയുള്ള തെരഞ്ഞെടുപ്പ് നടപടികളെ ബാധിച്ചേക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

click me!