കോഴിക്കോട് കാരശേരി ബാങ്കിൽ നടന്നത് വൻ ക്രമക്കേട്. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

കോഴിക്കോട്: കോഴിക്കോട് കാരശേരി ബാങ്കിൽ നടന്നത് വൻ ക്രമക്കേട്. ഇതുസംബന്ധിച്ച സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. ഭാര്യക്കും മക്കൾക്കുമായി നാലരക്കോടി രൂപയുടെ വായ്പയാണ് നൽകിയത്. കൂടാതെ, ബന്ധുക്കൾക്ക് 50 ലക്ഷം രൂപയുടെ പലിശ ഇളവും നൽകുകയും ചെയ്തു.‌

ഭാര്യ ഉമ്മാച്ചുവിന് രണ്ട് തവണയായി ഒന്നര കോടി രൂപയാണ് വായ്പ നൽകിയത്. ആദ്യ വായ്പയിൽ 5 ലക്ഷം പലിശ ഇളവ് നൽകുകയും ചെയ്തു. മകൻ ലിനീഷ് കുഞ്ഞാലിക്കും ഒന്നര കോടി വായ്പ നൽകിയതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. മകന് നൽകിയ വായ്പയിൽ 15 ലക്ഷം പലിശ ഇളവ് നൽകുകയും ചെയ്തിട്ടുണ്ട്. മകൾ ജുംനയ്ക്കും ഒന്നരക്കോടി വായ്പ നൽകുകയും 5 ലക്ഷം പലിശ ഇളവ് നൽകുകയും ചെയ്തു. സഹോദരന്റെ മകൻ അൻവറിന് നൽകിയത് 74 ലക്ഷം രൂപയാണ്. ഇതിൽ ഒരു വായ്പയും തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

50 ലക്ഷം വായ്പക്ക് ഈടാക്കിയത് 5 ലക്ഷം വിലയുള്ള സ്ഥലമാണ്. മതിയായ ഈട് ഇല്ലാതെയാണ് 14 കോടി 90 ലക്ഷം രൂപയുടെ വായ്പ നൽകിയത്. വ്യക്തിഗത ജാമ്യത്തിൽ 75 ലക്ഷം രൂപ വായ്പ നൽകുകയും ബാങ്ക് ചെയർമാന്റെ മകന് 27 ലക്ഷം രൂപയുടെ പലിശ ഇളവ് നൽകുകയും ചെയ്തു. അനദികൃതമായി ഒരേ ആധാരത്തിൽ ഒന്നിൽ കൂടുതൽ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു വ്യക്തികളുടെ ആധാരത്തിൽ പവർ ഓഫ് അറ്റോണി ഇല്ലാതെയാണ് വായ്പ നൽകിയത്. പലിശ ഇളവ് നൽകിയവർക്ക് വീണ്ടും ലോൺ നൽകരുത് എന്നാണ് ചട്ടം. എന്നാൽ അത് ലംഘിച്ചുകൊണ്ട് പലിശ ഇളവ് നൽകിയവർക്ക് വീണ്ടും വായ്പ നൽകി. സ്വകാര്യ ധനകാര്യ സ്ഥാപങ്ങളുമായും ഇടപാട് നടത്തി. ബാങ്കിന് വരുമാനത്തിനേക്കാളും 11.35 കോടിയാണ് ചിലവ്.

YouTube video player