ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള 'വലിയ പിഴ' കുറച്ചു; പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

By Web TeamFirst Published Oct 23, 2019, 11:18 AM IST
Highlights

സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു. ആയിരത്തിൽ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറക്കുവാൻ മന്ത്രിസഭ തീരുമാനിച്ചു. മോട്ടോർ വാഹന പിഴയിലെ ഭേദഗതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി.സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന്‌ ഈടാക്കുന്ന പിഴത്തുക പകുതിയാക്കി കുറച്ചു. ആയിരത്തിൽ നിന്ന് 500 രൂപയാക്കിയാണ് പിഴ കുറച്ചത്. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവർത്തിച്ചാൽ 3000 രൂപയും പിഴ ഇടാക്കും. വാഹനത്തില്‍ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കി കുറച്ചു.

സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്‌ക്കാനാണ്‌ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഏതെല്ലാം വിഭാഗങ്ങളിൽ എത്രത്തോളം പിഴ കുറയ്‌ക്കാമെന്നത് സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയെ  ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോൺ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾക്ക്‌ പിഴ കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ല.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഉത്തരവിറക്കിയില്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.

click me!