
തിരുവനന്തപുരം: മഴക്കോട്ടിന് പകരം കുട പിടിച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്ന് കുട നിവര്‍ത്തി ഉപയോഗിക്കുന്നത് പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാമെന്നാണ് എംവിഡി മുന്നറിയിപ്പ്.
എംവിഡി അറിയിപ്പ്: ''പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങളും റോഡില്‍ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവര്‍ത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം ഞങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്.''
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും എംവിഡി വിശദീകരിച്ചു. ഇരുചക്രവാഹനയാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. മനുഷ്യശരീരവും യന്ത്രശരീരവും ഒന്നായി മുന്നോട്ട് നീങ്ങേണ്ട പ്രവൃത്തിയാണ് ഇരുചക്രവാഹന ഡ്രൈവിംഗ്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്വയം ഡ്രൈവ് ചെയ്യാനുദ്ദേശിച്ചാണ് ഒരു ഇരുചക്രവാഹനം നാം വാങ്ങുക. ഇന്ധനക്ഷമത, പ്രവര്‍ത്തനക്ഷമത, വില തുടങ്ങിയ നിരവധി മാനദണ്ഡങ്ങളേക്കാളേറെ, ആ വാഹനം നമ്മുടെ ശരീരപ്രകൃതിയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ളതാണോ എന്ന പരിശോധനയ്ക്കായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടത്. വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍പായി ടെസ്റ്റ് ഡ്രൈവുകള്‍ നടത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
# കണ്ണുകള്‍: റോഡിന്റെ വിശാലമായ കാഴ്ച തടസപ്പെടാത്ത വിധം തല നേരെ പിടിച്ച് ചലിക്കുന്ന ദിശയിലേയ്ക്ക് തന്നെ നോക്കുക.
# തോളുകള്‍: ആയാസരഹിതമായി വച്ച് നടു നിവര്‍ത്തി ഇരിക്കുക.
# കൈമുട്ടുകള്‍: ആയാസരഹിതമായി അല്പം അയച്ച് പിടിക്കുക.
# കൈകള്‍: പിടികളുടെ മദ്ധ്യഭാഗത്തായി, നിയന്ത്രണോപാധികളായ ലിവറുകളും സ്വിച്ചുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധം പിടിയ്ക്കുക.
# ഇടുപ്പ്: സ്റ്റിയറിംഗ് ഹാന്‍ഡിലും പെഡലുകളും അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ പാകത്തില്‍ ആയാസരഹിതമായി വയ്ക്കുക.
# കാല്‍മുട്ടുകള്‍: വാഹനത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍, ഫ്യുവല്‍ ടാങ്കിനോട് ചേര്‍ത്ത് വയ്ക്കുക.
# പാദങ്ങള്‍: പാദത്തിന്റെ മധ്യഭാഗം ഫൂട്ട് റെസ്റ്റില്‍ അത്യാവശ്യം അമര്‍ത്തി കാല്‍പ്പാദം മുന്‍പിലേയ്ക്കായി മുന്‍അഗ്രങ്ങള്‍ ബ്രേക്ക്, ഗിയര്‍ പെഡലുകളില്‍ ലഘുവായി അമര്‍ത്തി വയ്ക്കുക.
# മറ്റുതരം വാഹനങ്ങളിലും ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനങ്ങളിലും ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ പാകത്തില്‍ ശരീരഭാഗങ്ങള്‍ ക്രമീകരിച്ച് ഇരിപ്പ് ശരിയാക്കുക. അധികം മുന്‍പിലേയ്‌ക്കോ പുറകിലേയ്‌ക്കോ ആവാതെ വളരെ ആയാസരഹിതമായ ഒരു ഇരിപ്പ്, അവരവരുടെ ശരീരഘടനയ്ക്കനുസരിച്ച് ഉറപ്പുവരുത്തുക.
ട്രക്കിംഗിനിടെ കാൽ തെറ്റി ചെരുവിലേക്ക് വീണു, ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ മലയാളിയെ രക്ഷിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam