
കോഴിക്കോട്: കോഴിക്കോട്: കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി. കോഴിക്കോട് കോര്‍പറേഷനിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന നേതൃത്വത്തിന് ആര്‍ജെഡി പരാതി നൽകി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിൽ ആർജെഡി നേരിട്ട സമ്പൂർണ പരാജയത്തിന് കാരണം ഒരു വിഭാഗം സിപിഎം നേതാക്കളെന്ന് വ്യക്തമാക്കിയുള്ള പരാതിയില്‍ അഞ്ച് സിപിഎം നേതാക്കളുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. സ്വന്തം സീറ്റിൽ സ്ഥാനാർത്ഥിയെ സിപിഎം അടിച്ചേൽപ്പിച്ചെന്നും സിപിഎം താൽപര്യാർത്ഥം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടന്നെന്നും പരാതിയിലുണ്ട്.ആര്‍ജെഡി കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.കാരപ്പറമ്പ്, നടക്കാവ്, മൂന്നാലിങ്ങൽ, മാവൂര്‍ റോഡ് എന്നീ വാര്‍ഡുകളിലാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഈ നാലു വാര്‍ഡുകളിലും ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു.
കോഴിക്കോട് കോര്‍പറേഷനില്‍ ആര്‍ജെഡിയും ഇടതുമുന്നണിയാകെയും നേരിട്ട തിരിച്ചടിയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ നടത്തിയ സംഘടിതമായ കാലുവാരല്‍ കൂടിയാണെന്നാണ് ആര്‍ജെഡി കോഴിക്കോട് നോര്‍ത്ത് സൗത്ത് നിയോജക മണ്ഡലങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയുടെ കാതല്‍. ചരിത്രത്തില്‍ ആദ്യമായി മല്‍സരിച്ച എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതു മാത്രമല്ല, സിപിഎം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കിയിട്ടും മുന്നണിക്കായി പ്രവര്‍ത്തകര്‍ എല്ലാ 76 വാര്‍ഡുകളിലും ഓടി നടന്നിട്ടും പാര്‍ട്ടി മല്‍സരിച്ച അഞ്ചിടങ്ങളില്‍ മൂന്നിലും ബിജെപിക്ക് പിന്നില്‍ പോകേണ്ടി വന്നു എന്നതുകൂടിയാണ് ആര്‍ജെഡിയെ നാണക്കേടിന്‍റെ പടുകുഴിയിലാക്കിയത്.
ഏരിയാ കമ്മിറ്റി അംഗം അനീഷിന്‍റെ നേതൃത്വത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഷീബ സിടി, പ്രേംനാഥ്, ബ്രാഞ്ച് സെക്രട്ടറി ശ്രീഷ്, ബ്രാഞ്ച് അംഗം ദീപ്തി എന്നിവര്‍ സംഘടിത ശ്രമം നടത്തിയാണ് നടക്കാവ് വാര്‍ഡില്‍ ആര്‍ജെഡി നിര്‍ത്തിയ വില്‍ഫ്രഡ് രാജിനെ തോല്‍പ്പിച്ചത്. തനിക്ക് സ്ഥാനാര്‍ത്ഥിയാകാനായി ഏരിയാ കമ്മിറ്റി അംഗം അനീഷ് ഒരു കോര്‍പ്പറേഷന്‍ ജീവനക്കാരനെ കൂട്ടുപിടിച്ച് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കാവ് വാര്‍ഡ് വിഭജനം നടത്തിയെന്നും ഇതാണ് തൊട്ടടുത്ത മാവൂര്‍ റോഡ് വാര്‍ഡ് ഉള്‍പ്പെടെ ബിജെപി പിടിക്കാന്‍ കാരണമെന്നും ആര്‍ജെഡിയുടെ പരാതിയില്‍ പറയുന്നു. ഒരു ബോര്‍ഡ് പോലും സിപിഎം ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കായി വെച്ചില്ല. അതേസമയം, ഒരു വാര്‍ഡിലും ഇല്ലാത്ത വിധം ഭീമമായ തുകയാണ് ഇതേ നേതാക്കള്‍ ഈ വാര്‍ഡില്‍ ചെലവിട്ടതെന്നും പരാതിയിലുണ്ട്. ആര്‍ജെഡി ഉന്നയിച്ച പരാതിയുടെ കൂടി പശ്ചാത്തലത്തില്‍ കോര്‍പ്പറേഷനിലെ തിരിച്ചടി അന്വേഷിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി കേവലം ഭൂരിപക്ഷം നേടാനാവാത്തവിധം സിപിഎം നേരിട്ട തകര്‍ച്ചയ്ക്ക് ഘടകകക്ഷികളോടുളള കണക്ക് തീര്‍ക്കലും കാരണമായെന്നാണ് ആര്‍ജെഡിയുടെ പക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുന്നണിയില്‍ ആരംഭിച്ചിരിക്കെയാണ് തെളിവ് സഹിതമുളള ഈ ആരോപണം. മുഖ്യമന്ത്രി പങ്കെടുത്ത ജില്ലാതല അവലോകന യോഗത്തില്‍ ഉള്‍പ്പടെ ഈ പ്രശ്നം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ഒത്തുകളി നടത്തിയ നേതാക്കള്‍ക്കെതിരെ എന്ത് നടപടി എന്നാണ് ഇനി അറിയാനുളളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam