കേരളാ കോണ്‍ഗ്രസ് സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തേക്കും

By Web TeamFirst Published Jan 27, 2021, 7:08 AM IST
Highlights

കേരളാ കോണ്‍ഗ്രസ് പോയപ്പോള്‍ ബാക്കിയായ സീറ്റുകളില്‍ കണ്ണ് വച്ച് കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ മത്സരമോഹികള്‍. എന്നാൽ സീറ്റുകള്‍ വിട്ട് നല്‍കില്ലെന്നാണ് ജോസഫ് പക്ഷത്തിൻ്റെ നിലപാട്.

തിരുവനന്തപുരം: ജോസ് പക്ഷം മുന്നണി വിട്ടതോടെ കോട്ടയത്ത് കേരള കോൺഗ്രസിന്‍റെ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ്. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും കോൺഗ്രസ് ഉന്നമിടുന്നു. എന്നാൽ ഒന്നും വിട്ടുകൊടുക്കില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്.

കേരളാ കോണ്‍ഗ്രസ് പോയപ്പോള്‍ ബാക്കിയായ സീറ്റുകളില്‍ കണ്ണ് വച്ച് കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ മത്സരമോഹികള്‍. കോട്ടയത്ത് ഒൻപതില് ആറ് സീറ്റിലും കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസാണ് മത്സരിച്ചത്. ഇക്കുറി ഏറ്റുമാനൂരും ചങ്ങനാശേരിയുമാണ് തര്‍ക്ക പ്രദേശങ്ങള്‍. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന്‍റെ ലതികാ സുഭാഷും ജോസഫ് പക്ഷത്തെ പ്രിൻസ് ലൂക്കോസും പ്രചാരണം തുടങ്ങിയ മട്ടാണ്. 

പൂഞ്ഞാര്‍ ലീഗിന് കൊടുത്തില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസിലെ സജി മഞ്ഞക്കടമ്പിലിനാണ് സാധ്യത. പക്ഷേ കോണ്‍ഗ്രസ് അവിടെയും ഉടക്കിടുന്നു. അന്തരിച്ച സി എഫ് തോമസിന്‍റെ മണ്ഡലമായ ചങ്ങനാശേരി കോണ്‍ഗ്രസ് ഏറ്റെടുക്കും. ഇരിക്കൂറില്‍ നിന്നും ഇക്കുറി മണ്ഡലം മാറി കെ സി ജോസഫ് അവിടെ മത്സരിക്കും.

മാണി സി കാപ്പനില്ലെങ്കില്‍ പാലായില്‍ കോണ്‍ഗ്രസിനായി ടോമി കല്ലാനിക്കാണ് സാധ്യത. കോട്ടയത്ത് യുഡിഎഫില്‍ സീറ്റ് വീതം വയ്പ്പിലെ കല്ലുകടി വരുംദിവസങ്ങളില്‍ പൊട്ടിത്തെറിയായി മാറിയാലും അത്ഭുപ്പെടാനില്ല. 

click me!