
കണ്ണൂര്‍: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണത്തിലും ചര്‍ച്ചകളിലും നിലപാട് വ്യക്തമാക്കി കെപി മോഹനൻ എംഎൽഎ. ആര്‍ജെഡി മുന്നണിയിൽ ഹാപ്പിയല്ലെന്നും എന്നാൽ എൽഡിഎഫ് വിടില്ലെന്നും കെപി മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. നിലവിൽ അര്‍ഹമായ രീതിയിൽ സംരക്ഷിച്ചുകൊണ്ടാണ് എൽഡിഎഫ് ആര്‍ജെഡിയെ കൊണ്ടുപോകുന്നത്. മുന്നണി മാറ്റത്തെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടേയില്ല. സിപിഐയേക്കാല്‍ അംഗബലമുള്ള പാര്‍ട്ടിയെന്ന നിലയിൽ കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്.
യുഡിഎഫ് പ്രവേശനം അജണ്ടയിൽ ഇല്ലാത്ത കാര്യമാണ്. എൽഡിഎഫിൽ ആര്‍ജെഡിക്ക് അര്‍ഹിച്ച പരിഗണന കിട്ടിയിട്ടില്ല. അതിനാൽതന്നെ മുന്നണിയിൽ ആര്‍ജെഡി ഹാപ്പിയല്ല. ആര്‍ജെഡിയെ പരിഗണിക്കാൻ മുഖ്യമന്ത്രിക്ക് പരിമിതികളുണ്ടെന്നും കെപി മോഹനൻ പറഞ്ഞു. യുഡിഎഫ് നേതാക്കൾ അങ്ങോട്ട് വരുന്നല്ലോ എന്ന് ചോദിക്കുന്നുണ്ടെന്നും എന്നാൽ അവരോട് ഒരു തവണ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് ആര്‍ജെഡിയെന്ന മറുപടിയാണ് നൽകാറുള്ളതെന്നും കെപി മോഹനൻ പറഞ്ഞു.
എൽഡിഎഫിൽ തുടരേണ്ടത് രാഷ്ട്രീയ അനിവാര്യതയാണ്.'നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കും. പ്രാതിനിധ്യം കിട്ടാത്തതിൽ അണികൾക്ക് വലിയ പ്രതിഷേധമുണ്ടെന്നത് യഥാര്‍ത്ഥ്യമാണ്. ഇടതുമുന്നണിയിലും സർക്കാരിലും എല്ലാം ശരിയാണെന്ന അഭിപ്രായമില്ല. പിണറായി വിജയന്‍റെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. എല്ലാവരെയും പരിഗണിച്ചുകൊണ്ട് മുന്നോട്ടു പോകാനായിട്ടില്ല. ഇനി മത്സരിക്കുന്നെങ്കിൽ എൽഡിഎഫ് സ്ഥാനാർഥിയായെന്നും മോഹനൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam