
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയപാത 66മായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമാണം സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് 10 ദിവസത്തിനുള്ളിൽ പരിഹാരം കണ്ടെത്തുമെന്ന് ഡോ. ശശി തരൂർ എംപി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ ഇക്കാര്യം ഉറപ്പുനൽകിയതായി തരൂര്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ഡോ. ശശി തരൂർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അടുത്ത മാസം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനാൽ വിഴിഞ്ഞം തുറമുഖം അടിയന്തിരമായി ദേശീയപാത 66 മായി ബന്ധിപ്പിക്കുവാൻ റോഡ് നിർമിക്കണം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കണ്ടെയ്നറുകളുടെ നീക്കത്തിനായി റോഡ് റെയിൽ ബന്ധങ്ങൾ ഇല്ലെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം പൂർണമായി ലഭിക്കില്ല അതിനാൽ എത്രയും പെട്ടന്ന് കണക്ഷൻ റോഡ് നിർമിക്കണം എന്ന് ലോക്‌സഭയിൽ ഉന്നയിച്ചു.
ഈ ചോദ്യത്തിന് മറുപടിയായി വിഷയത്തിൽ തരൂരുമായി പൂർണമായും യോജിക്കുന്നുവെന്നും റോഡ് നിർമാണത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി ദീർഘമായ ചർച്ച ഉണ്ടായെന്നും പത്ത് ദിവസങ്ങൾക്കകം പരിഹാരം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കുകയായിരുന്നു. തുറമുഖം സംബന്ധിച്ച സുപ്രധാന പ്രശ്നത്തിൽ അനുകൂലനയം കൈക്കൊണ്ട കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും വിഴിഞ്ഞത്തെ റെയിൽ, റോഡു പാതകളാൽ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങളുടെ പുരോഗതി വിലയിരുത്തി വേണ്ട ഇടപെടൽ തുടർന്നും നടത്തുമെന്ന് ഡോ. ശശി തരൂർ എംപി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam