
കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യകൂമ്പാരമായെന്ന് ഹൈക്കോടതി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ വൈകിയതോടെ റോഡുകൾ മാലിന്യ കൂമ്പാരമായെന്നാണ് ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടികാട്ടിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി എടുക്കണം. മാലിന്യ സംസ്കരണത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ കൊച്ചിയിലെ റോഡുകൾ ബ്രഹ്മപുരത്തിന് തുല്ല്യമായെന്നും കോടതി നിരീക്ഷിച്ചു.
പ്ലാസ്റ്റിക് വേർതിരിക്കാതെ എല്ലാ തരം മാലിന്യവും കൂട്ടിക്കലർത്തി ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയെന്ന് കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. 210-230 ടണ്‍ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ട്. ഏപ്രിൽ നാല് മുതൽ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെങ്കിലും കൂട്ടികലർന്ന രീതിയിൽ മാലിന്യം പൊതുനിരത്തിൽ എത്തുന്നത് പ്രതിസന്ധിയെന്നാണ് കോർപ്പറേഷന്‍റെ വിശദീകരണം.
മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പരിശോധനയിൽ ജലസ്രോതസുകളിലെ സാമ്പിളുകളിൽ ഇ കോളി ബാക്ടിരിയയുടെ സാന്നിധ്യം ഉണ്ടെന്ന് ജില്ല കലക്ടർ കോടതിയെ അറിയിച്ചു. ഈ വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ജസ്റ്റിസുമാരായ എസ് വി ഭാട്ടി ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. ബ്രഹ്മപുരം വിഷയത്തിൽ നിരീക്ഷണം തുടരുമെന്ന് വ്യക്തമാക്കിയ കോടതി മെയ് രണ്ടിന് തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർക്കും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും നിർദ്ദേശം നൽകി. കേസ് മെയ് 23 ന് വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam