
പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.
പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ മാസം 24 -ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച ശേഷം ഞായറാഴ്ചയാണ് ബസ് കൊടുത്തത്. നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.
അതേസമയം, എംവിഡി പിടിച്ചിട്ട ബസിൽ നിന്ന് പല വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണവും പണവുമാണ് നഷ്ടമായത്. അത് ബസിന്റെ സെക്കന്റ് ഡ്രൈവറുടേതായിരുന്നു. അതൊന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അടുത്ത കേസുമായി മുന്നോട്ട് പോകണം. അത്യാവശ്യ സാധനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. മറ്റ് ബാഗുകളൊക്കെ അവിടെയുണ്ട്. വിലപിടിപ്പുള്ളവയാണ് നഷ്ടമായതെന്നും റോബിൻ ഗിരീഷ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam