കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജോസഫിന്‍റേത് ഗുരുതര അച്ചടക്ക ലംഘനമെന്ന് റോഷി അഗസ്റ്റിന്‍

By Web TeamFirst Published May 29, 2019, 1:50 PM IST
Highlights

തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കും. പി ജെ ജോസഫ് അങ്ങിനെ ചെയ്യും എന്ന് കരുതുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ 

തിരുവനന്തപുരം: കേരള കോൺഗ്രസിലെ അധികാര വടംവലിക്കിടെ പാർട്ടി പിടിക്കാനുള്ള പി ജെ ജോസഫിന്‍റെ നീക്കങ്ങള്‍ക്കെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്ത്. പി ജെ ജോസഫിനെ പാർട്ടി ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെതിരെയാണ് റോഷി അഗസ്റ്റിന്‍ ആഞ്ഞടിച്ചത്. 

തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കും. പി ജെ ജോസഫ് അങ്ങിനെ ചെയ്യും എന്ന് കരുതുന്നില്ല. ആരെങ്കിലും കത്ത് കൊടുത്തെങ്കിൽ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

ചെയര്‍മാനെയും സെക്രട്ടറിയെയും നിയമിച്ചുവെന്ന് കാണിച്ച് ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറി‌ഞ്ഞത്. പാര്‍ലമെന്‍രറി പാര്‍ട്ടി യോഗം വിളിച്ച് സമവായം ആകുമുമ്പ് അത്തരമൊരു തീരുമാനം എടുത്തെങ്കില്‍ അത് ശരിയായില്ലെന്നും 
സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. 

അതേസമയംതെരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിഭാഗം കത്ത് നൽകിയതോടെ ജോസ് കെ മാണി വിഭാഗം പാർട്ടി പിളർത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കാനാകൂ എന്ന നിലയിലായി. സെക്രട്ടറിയായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനായതാണ് പാർട്ടി പിടിച്ചെടുക്കാൻ ജോസഫിനെ സഹായിച്ചത്. 

സിഎഫ് തോമസും മോൻസ് ജോസഫുമടക്കം മൂന്ന് എംഎൽഎമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവർത്തിക്കുന്നത്. കോൺഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല. ചെയർമാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

ജോസഫിന്‍റെ നടപടികളിൽ കടുത്ത അമർഷമുണ്ടെങ്കിലും സാങ്കേതികമായി ഇതിനെ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ജോസ് കെ മാണി വിഭാഗം. വിഭാഗീതയത തുടരുകയാണെങ്കിൽ അവർക്ക് പാർട്ടി വിട്ടുപോകാം എന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് സൂചന. ചെയർമാനും ജനറൽ സെക്രട്ടറിയും മറുപക്ഷത്ത് നിൽക്കുന്നതിനാൽ പാർട്ടി വിടുന്നവർക്ക് കേരള കോൺഗ്രസ് എം അംഗത്വവും പാർട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.

click me!