ചെറുപുഴയിലെ കരാറുകാരന്‍റെ ആത്മഹത്യ: കോൺഗ്രസ് നേതാവായ അധ്യാപകന് സസ്പെൻഷൻ

By Web TeamFirst Published Sep 27, 2019, 11:31 AM IST
Highlights

കാഞ്ഞങ്ങാട് ഡിഇഒയുടെ ഉത്തരവ് പ്രകാരമാണ് സോഷ്യൽ സയൻസ് അധ്യാപകനായ റോഷി ജോസിനെ കോർപ്പറേറ്റ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.
 

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരന്റെ മരണത്തിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന കോൺ​ഗ്രസ് നേതാവും  അധ്യാപകനുമായ റോഷി ജോസിനെതിരെ ഒടുവിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പഠിപ്പിക്കുന്ന സ്കൂളിൽ നിന്നും റോഷി ജോസിനെ സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് ഡിഇഒയുടെ ഉത്തരവ് പ്രകാരമാണ് സോഷ്യൽ സയൻസ് അധ്യാപകനായ റോഷി ജോസിനെ കോർപ്പറേറ്റ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.

വഞ്ചനാകുറ്റം, ആത്മഹത്യ പ്രേരണ എന്നിവയ്ക്ക് പുറമെ നേരത്തെ പോക്സോ കേസിലും പ്രതിയായ റോഷി ജോസിനെ മാനേജുമെന്റ് നടപടി എടുക്കാതെ സംരക്ഷിക്കുന്നതായി പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ  ബന്ധുക്കൾ ആരോപിച്ചിരുന്നു.

കെട്ടിടം കരാറുകാരനായ ജോയിയുടെ മരണത്തിൽ മൂന്ന് കോൺ​ഗ്രസ് നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരുന്നത്. ചെറുപുഴ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഞ്ഞിക്കൃഷ്ണൻ നായർ , റോഷി ജോസ്, ടി വി അബ്ദുൾ സലീം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.  മറ്റൊരു കോണ്‍ഗ്രസ് നേതാവായ കെ കെ സുരേഷ്‍കുമാറിന്റെ അറസ്റ്റ് സംബന്ധിച്ച് ,മുൻകൂർ ജാമ്യാപേക്ഷയുടെ വിധി വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

നേതാക്കൾക്കെതിരെ നേരത്തെ  ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിനാണ് ഇവരെ റിമാന്‍റ് ചെയ്തിരിക്കുന്നത്. ട്രസ്റ്റിന് ഇവരുള്‍പ്പടെ  എട്ട് ഡയറക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഡയറക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് അവരില്‍ രണ്ടുപേര്‍ ഈ നേതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയത്. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരായ തെളിവുകള്‍ പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു.
 

click me!