
തൊടുപുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് ആണെന്ന് കേരള കോൺഗ്രസ് എം നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്. പി ജെ ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണം. ജോസഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കുട്ടനാട്ട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ. കുട്ടനാട്സം സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ധാരണയായതാണ്. ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആവർത്തിച്ച പി ജെ ജോസഫ്, പാർട്ടി ചെയർമാൻ എന്ന നിലയിൽ ജോസ് സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു.
വിപ്പ് ലംഘന പരാതിയിൽ നിയമസഭാ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ എന്നും പി ജെ ജോസഫ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിധിക്കെതിരെ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി പാർട്ടി കൂടിയാലോചനകളും തുടങ്ങിയിരുന്നു.
പി ജെ ജോസഫിന്‍റെ അവകാശവാദം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എംഎൽഎമാക്കൊപ്പം രണ്ട് എംപിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. അതിനിടെ, തൊടുപുഴ കോടതിയിൽ ജോസ് കെ മാണിയ്ക്കെതിരെ ജോസഫ് വിഭാഗം ഹർജി നൽകിയിട്ടുണ്ട്. ജോസ് കോടതി വിധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ചെയർമാൻ എന്ന നിലയിലാണ് ജോസ് കെ മാണി സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചത്. ചെയർമാൻ പദവി ഉപയോഗിക്കരുതെന്ന് കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജോസഫ് വിഭാഗം ഹർജി നൽകിയത്.
അതേസമയം, ജോസ് കെ മാണിയെ തിരികെ കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുകയാണ് പി ജെ ജോസഫ്. ജോസ് വിഭാഗത്തെ തിരികെയെടുത്താൽ മുന്നണി വിടുമെന്ന് ജോസഫ് കോൺഗ്രസ് നേതാക്കളെ കണ്ട് മുന്നറിയിപ്പ് നൽകി. മുന്നണികള്‍ തങ്ങളെ ക്ഷണിക്കുന്നതിൽ ജോസഫിന് ഹാലിളകിയെന്നാണ് ഇതിനോട് ജോസ് പക്ഷം തിരിച്ചടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam