
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ കേരളത്തിൽ കോവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്റെ വേഗം കുറഞ്ഞെന്നു ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട്. അവസാന ആഴ്ചകളിലെ കണക്കു പ്രകാരം 23 ദിവസം കൂടുമ്പോഴാണ് നിലവിൽ കേരളത്തിൽ രോഗം ഇരട്ടിക്കുന്നത്. ജൂലൈ 25-ന് ഇത് 11 ദിവസമായിരുന്നു.
എന്നാൽ വരും ദിവസങ്ങളിൽ കേസുകൾ ഇരട്ടിക്കാൻ എടുക്കുന്ന ദിവസങ്ങളുടെ എണ്ണം നന്നേ കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം പരിശോധനകളിൽ കേരളം ഇപ്പോഴും തമിഴ്‌നാടിനും ആന്ധ്രയ്ക്കും പുറകിലാണ്. 10 ലക്ഷം പേരിൽ ആന്ധ്ര പ്രദേശ് 75,052 പരിശോധനകൾ നടത്തുമ്പോൾ തമിഴ്‌നാട് 64,320 പരിശോധനകളാണ് നടത്തുന്നത്. കേരളത്തിൽ ഇത് 48,015 ആണ്.
പത്തു ലക്ഷം പേരിൽ പരിശോധനയിലൂടെ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. 22 ആണ് കേസ്/മില്യൻ. അതേസമയം കേരളത്തിന്റെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. 100 പേരെ പരിശോധിക്കുമ്പോൾ നിലവിൽ 4.3 ആളുകളാണ് രോഗികൾ. എന്നാൽ ചില ജില്ലകളിലെ കണക്ക് ഇതിനേക്കാൾ അപകടകരമായ നിലയിലാണ്. മലപ്പുറത്ത് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 17.1ഉം എറണാകുളത്ത് 12.2ഉം ആയി ഉയർന്നിരിക്കുകയാണ്. വരുന്ന രണ്ടാഴ്ച സംസ്ഥാനത്ത് രോഗവ്യാപനം ഉയരും എന്നാണ് മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam