
പാലക്കാട്: വേദഗ്രന്ഥ പഠനത്തിനായി കേരളത്തിലേക്ക് കൊണ്ടുവന്ന ബിഹാർ സ്വദേശികളായ കുട്ടികളെ പാലക്കാട് ആർപിഎഫ് പിടികൂടി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. പാലക്കാട് കരിങ്കരപ്പുള്ളിയിലെ ശാരദ മതപഠന കേന്ദ്രത്തിലേക്ക് രേഖകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 16 കുട്ടികളുടെ യാത്രയാണ് ആർപിഎഫ് ഉദ്യോഗസ്ഥർ തടഞ്ഞത്. കേരള എക്സ്പ്രസ് ട്രെയിനിൽ രാവിലെ 6.20 നാണ് ബിഹാർ സ്വദേശികളായ 16 കുട്ടികൾ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയത്.
25 വയസുകാരനായ രാം നാരായണ പാണ്ഡ്യയാണ് കെയർ ടേക്കറായി കുട്ടികളോടൊപ്പമുണ്ടായിരുന്നത്. 9 മുതൽ 16 വയസുവരെയുള്ള കുട്ടികളെ കണ്ടതോടെ ആർപിഎഫ് ഉദ്യോഗസ്ഥർ സംഘത്തിന്‍റെ യാത്ര തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പാലക്കാട് കരിങ്കരപുള്ളിയിലെ ശാരദ ട്രസ്റ്റ് എന്ന സ്ഥാപനത്തിൽ വേദഗ്രന്ഥ പഠനത്തിനെത്തിയതായിരുന്നു കുട്ടികൾ. എന്നാൽ ഇവരെ കൊണ്ടുവന്ന രാം നാരായാണ പാണ്ഡ്യയുടെ പക്കൽ മതിയായ രേഖകളുണ്ടായിരുന്നില്ല. 10 കുട്ടികൾക്ക് മാത്രമാണ് യാത്രാ ടിക്കറ്റ് ഉണ്ടായിരുന്നത്.
ഇതോടെ ചൈൽഡ് ലൈൻ അധികൃതരെ ആർപിഎഫ് വിളിച്ചുവരുത്തി. വിവരം അറിഞ്ഞതിനെ തുടർന്ന് ശാരദ ട്രസ്റ്റ് ജീവനക്കാരും ഒലവക്കോടെത്തി. കുട്ടികൾ ട്രസ്റ്റിലെ വിദ്യാർത്ഥികളാണെന്നും ലോക്ഡൗൺ കാലത്ത് ഇവർ ബിഹാറിലേക്ക് മടങ്ങിയതാണെന്നും ട്രസ്റ്റ് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ രക്ഷിതാക്കളുടെ സമ്മത പത്രമടക്കമുള്ള രേഖകൾ ഹാജരാക്കാതെ കുട്ടികളെ വിട്ടുതരില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 10 ദിവസത്തിനുള്ളിൽ കുട്ടികളുടെയും സ്ഥാപനത്തിന്‍റെയും എല്ലാ രേഖകളും ഹാജരാക്കാനാണ് നിർദ്ദേശം. അതുവരെ വടക്കന്തറയിലെ ചൈൽഡ് കെയർ സെന്‍ററിൽ കുട്ടികളെ പാർപ്പിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam