
തിരുവനന്തപുരം: റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ (RPL) ജീവനക്കാരുടെ 2025-26 സാമ്പത്തിക വർഷത്തെ ബോണസ് കാര്യങ്ങളിൽ ധാരണയായി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജീവനക്കാർക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാൻസും അനുവദിക്കാൻ യോഗം നിശ്ചയിച്ചു. ബോണസും മറ്റ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനായി റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് 15 ലക്ഷം രൂപ കടമെടുക്കും.
തൊഴിലാളികളുടെ മറ്റ് സേവന-വേതന പ്രശ്നങ്ങൾ നേരിട്ട് കണ്ട് ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ രണ്ടാം വാരത്തിൽ തൊഴിൽ മന്ത്രി ആർ.പി.എൽ സന്ദർശിക്കുമെന്നും ഉറപ്പുനൽകി. കേന്ദ്ര സർക്കാരിൻ്റെയും (40%) കേരള സർക്കാരിൻ്റെയും (60%) സംയുക്ത സംരംഭമായി 1976-ൽ കൊല്ലം ജില്ലയിൽ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണിത്. കോൺസൺട്രേറ്റഡ് ലാറ്റക്സ്, ക്രംബ് റബ്ബർ (ഐഎസ്എൻആർ), ഇൻഡസ്ട്രിയൽ റബ്ബർ ഷീറ്റിംഗ് തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമാണിത്.
മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ അജയ പ്രസാദ് എം.എൽ.എ, സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണൽ സെക്രട്ടറിമാരായ ഷീജ, ലീന ലിറ്റി, കമ്പനി മാനേജിംഗ് ഡയറക്ടർ ടി. അശ്വിൻ കുമാർ എന്നിവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ്, യു.ടി.യു.സി, മറ്റ് പ്രതിനിധികളും പങ്കെടുത്തു. ആർ.പി.എൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഫിനാൻസ് മാനേജർ വിനോദ് എം., മാനേജർ സുധീർ രാവുണ്ണി, കുമരേശൻ എം, നന്ദകുമാർ, ആർ. ജയപ്രകാശ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam