രജനീകാന്തും ആരാധകരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ആർഎസ്എസ്; പ്രസ്താവന ഉടനുണ്ടാകുമെന്ന് ഗുരുമൂർത്തി

By Web TeamFirst Published Dec 30, 2020, 10:31 AM IST
Highlights

താരം നിർണ്ണായക പ്രസ്താവനകൾ നടത്തുമെന്നും ഈ പ്രസ്താവനകൾ എൻഡിഎക്ക് ഗുണം ചെയ്യുമെന്നും ഗുരുമൂർത്തി അവകാശപ്പെട്ടു .ജയലളിതയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയത് പോലെ ദ്രാവിഡ പാർട്ടികളെയും അകറ്റി നിർത്തുന്നതാകും പ്രസ്താവനയെന്നാണ് അവകാശവാദം

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറിയ രജനീകാന്ത് എൻഡിഎയെ പിന്തുണയ്ക്കുമെന്ന് ബിജെപി. പാർട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും രജനി ആരാധകർ എൻഡിഎക്കൊപ്പമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രജനീകാന്തിന്റെ പരോക്ഷ പിന്തുണ ബിജെപിക്കാണെന്നും 1996 ആവർത്തിക്കുമെന്നും ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി പറഞ്ഞു.

താരം നിർണ്ണായക പ്രസ്താവനകൾ നടത്തുമെന്നും ഈ പ്രസ്താവനകൾ എൻഡിഎക്ക് ഗുണം ചെയ്യുമെന്നും ഗുരുമൂർത്തി അവകാശപ്പെട്ടു. ജയലളിതയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയത് പോലെ ദ്രാവിഡ പാർട്ടികളെയും അകറ്റി നിർത്തുന്നതാകും പ്രസ്താവനയെന്ന് ആർഎസ്എസ് സൈദ്ധാന്തികന്‍റെ അവകാശവാദം. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ബിജെപിക്കായി ചർച്ചകൾ നടത്തുന്നത് ഗുരുമൂർത്തിയാണ്. 

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് രജനീകാന്തിന്റെ വിശദീകരണം. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും. തന്‍റെ ആരോഗ്യനില, ദൈവത്തിൽ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നുവെന്നുമായിരുന്നു സൂപ്പർസ്റ്റാറിന്റെ വിശദീകരണം.

ആര്‍എസ്എസ് വഴി ബിജെപി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരം രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത് പോലും. തമിഴ്നാട്ടിൽ, ദ്രാവി‍ഡ പാർട്ടികളുടെ വോട്ടുബാങ്ക് പിളർത്തുകയെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം.  തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമായെന്നടക്കം പറഞ്ഞ് രജനി മക്കൾ മണ്ഡ്രം അടക്കം ആരാധകസംഘടനകൾ വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയപ്രവേശം കാത്തിരുന്നത്.

click me!