
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നവസങ്കല്പ പദയാത്രയില്‍ ആര്‍എസ്എസിന്റെ ഗണഗീതം. ആര്‍എസ്എസ് ശാഖകളിലും ക്യാമ്പുകളിലും പാടുന്ന ഗണഗീതമാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്ത പദയാത്രയിൽ കേട്ടത്. വിമര്‍ശനം ശക്തമായേതാടെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്തു. നവസങ്കല്‍പ് യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ ഇരുചക്രവാഹന റാലിയില്‍ ആണ് ആര്‍എസ്എസ് ഗണഗീതം കേട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.
എ.ഐ.സി.സി. ആഹ്വാനം ചെയ്ത നവ സങ്കല്പ പദയാത്രയിലാണ് ആര്‍എസ്എസിന്റെ ഗണഗീതം പ്രയാണഗാനം കേട്ടത്. നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനാണ്. ഡിസിസി അധ്യക്ഷന്‍ പാലോട് രവി, കെപിസിസി ഭാരവാഹി മര്യാപുരം ശ്രീകുമാര്‍ അടക്കമുള്ളവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അനൗൺസ്മെന്‍റുകൾക്ക് ഇടയിൽ കേട്ടത് കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകുമെന്ന് ആര്‍എസ്എസ് ഗണഗീതമായിരുന്നു.
ആര്‍എഎസ്എസിന്റെ ഗാനാജ്ഞലി എന്ന ഗാനശേഖരത്തിലെ പ്രധാന ഗാനമാണ് ഇവ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ ആയിരുന്ന പി.പരമേശ്വരന്‍ അടക്കമുള്ളവരാണ് ഗാനാജ്ഞലിയിലെ ഭൂരിഭാഗം പാട്ടുകളും രചിച്ചിട്ടുള്ളത്. ഈ ഗാനം എങ്ങനെ കോണ്‍ഗ്രസിന്റെ പദയാത്രയില്‍ എത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനം. വിമര്‍ശനം ശക്തമായേതാടെയാണ് പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്തത്.
ഗാനം റെക്കോര്‍ഡ് ചെയ്ത് ഉള്‍പ്പെടുത്തിയത് അറിയില്ലായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീനോ അലക്‌സ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച ഗൗരവത്തോടെ കാണുമെന്നും നീനോ അലക്‌സ് വ്യക്തമാക്കി. സ്വകാര്യ സ്റ്റുഡിയോയില്‍ നല്‍കിയായിരുന്നു റാലിയിലെ അനൗണ്‍സ്‌മെന്റ് അറിയിപ്പ് റെക്കോര്‍ഡ് ചെയ്തത്. അബദ്ധത്തില്‍ ഗണഗീതം അറിയിപ്പിനിടയ്ക്കുള്ള റെക്കോര്‍ഡില്‍ ഉള്‍പ്പെട്ടതാകാമെന്നാണ് നേതാക്കള്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam