
കോട്ടയം എപ്പോഴും വാർത്താകേന്ദ്രമാണ്. മാണി വിഭാഗത്തിന്റെ തർക്കം, കെവിൻ കൊലപാതകം, സഭാ പ്രശ്നങ്ങൾ, എപ്പോഴും സജീവം. 2018 ജൂൺ 27, സാധാരണദിവസമായിരുന്നു. ഓഫീസിൽ നിന്ന് രാത്രി ഏഴര മണിക്ക് നാഗമ്പടത്തെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് റൂമിലെത്തിയപ്പോഴാണ് ഒരു ഫോൺ വരുന്നത്. കുറവലങ്ങാട്ടെ ഒരു സംഘം കന്യാസ്ത്രീമാർ ഇന്ന് എസ് പിയെ കാണാൻ വന്നു. ഒരു പരാതി നൽകിയിട്ടുണ്ട്. എസ് പിയെ വിളിച്ചു. മറ്റൊരു സംസ്ഥാനത്തെ ബിഷപ്പിനെതിരെയാണ് പരാതിയെന്ന് എസ്പി സ്ഥിരീകരിച്ചതോടെ ആ വാർത്തക്ക് പുറമേ ഓടാൻ തുടങ്ങി. ഒരു ബിഷപ്പിനെതിരെ വന്ന പരാതി രാജ്യത്തെ തന്നെ ആദ്യസംഭവമായി ദേശിയമാധ്യങ്ങളുൾപ്പടെ ചർച്ച ചെയ്യുന്ന വാർത്തയായി മാറി.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതിയെന്ന് വാർത്ത് നൽകിയത് രാത്രി ഒൻപത് മണിക്ക്. രാത്രി തന്നെ വലിയ പ്രാധാന്യത്തോടെയുള്ള വാർത്തയായി മാറി അത്. സ്വാഭാവികമായും ചർച്ചയായി. തൊട്ടടുത്ത ദിവസം രാവിലെ പരാതി നൽകിയ കന്യാസ്ത്രീയെ കാണാൻ കുറവിലങ്ങാട് മഠത്തിലെത്തി. ക്യാമറയില്ലാതെ അകത്ത് കയറി. സഹകന്യാസ്ത്രീമാർ ആദ്യം ഞങ്ങളോട് സംസാരിക്കാൻ മടിച്ചു. പക്ഷെ പരാതി നൽകിയ കന്യാസ്ത്രീ മുറിക്ക് പുറത്ത് വന്ന് ഇത്രമാത്രം പറഞ്ഞു. "പരാതി നൽകി. അതിൽ ഉറച്ച് നിൽക്കുന്നു. തനിക്കുണ്ടായത് മറ്റൊരാൾക്കും ഉണ്ടാകരുത്. നീതിക്കായി അവസാനനിമിഷം വരെ പോരാടും". ഇത്രയും പറഞ്ഞ് അവർ അകത്തേക്ക് പോയി. തൊട്ട് പിന്നാലെ മഠത്തിലെ സഹ കന്യാസ്ത്രീമാർ അവർക്ക് പിന്തുണയുമായെത്തി. ക്യാമറക്ക് മുന്നിൽ തന്നെ സംസാരിച്ചു.
അതൊരു തുടക്കമായിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ നിശ്ചയദാഢ്യവും സഹപ്രവർത്തകർക്ക് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. പിന്നീട് കേസിലെ എല്ലാ പ്രതിസന്ധികൾക്കിടയിലും അവർ ശക്തിയായി പ്രതികരിച്ചു. ജലന്ധർ ബിഷപ്പ് ഹൗസിന് കീഴിലുള്ള മഠത്തിൽ നിന്ന് ഇവരെ പുറത്താക്കാൻ തീരുമാനിച്ചു. ഭക്ഷണം നൽകാതെ ആവശ്യത്തിന് സൗകര്യം നൽകാതെ ഒറ്റപ്പെടുത്തി. ചെറിയ കൃഷി നടത്തിയും വീട്ടുകാരുടെ സഹായത്തോടെയും കന്യാസ്ത്രീമാർ അവിടെ പിടിച്ച് നിന്നു. പോരാടി. സഭയിലെ ഏറ്റവും വലിയ സ്ഥാനത്തിരിക്കുന്ന ആൾക്കെതിരെയുള്ള പോരാട്ടം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ നാളുകൾ.
പലപ്പോഴും കോട്ടയത്ത് നിന്ന് കുറവിലങ്ങാട് പോകുമ്പോൾ അവർ എങ്ങനെ ഭക്ഷണം കഴിക്കും. ഒറ്റപ്പെട്ട് മഠത്തിൽ എങ്ങനെ ജീവിക്കും എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. സന്ന്യാസജീവിതത്തിൽ പ്രതിസന്ധിയൊക്കെ നേരിടണമെന്ന് പറഞ്ഞാണ് ഈ ചോദ്യങ്ങളോട് ചിരിയോടെയുള്ള അവരുടെ മറുപടി. കന്യാസ്ത്രീയുടെ സഹോദരിയും കന്യാസ്ത്രീയായി ഈ മഠത്തിലുണ്ടായിരുന്നു. അവരും മറ്റൊരു സഹോദരിയും സഹോദരനും നീതിക്കായി ഒപ്പം നിന്നതും കണ്ടു. ഇവർക്ക് പിന്തുണ നൽകിയ മറ്റ് കന്യാസ്തത്രീമാരുടെ കുടുംബാംഗങ്ങളും പരസ്യമായി ഫ്രാങ്കോക്കെതിരെ വന്നതും ചരിത്രം.
കന്യാസ്ത്രിയുടെ പരാതി കിട്ടിയോ എന്ന് ആദ്യം അന്വേഷിക്കുന്നത് കുറവിലങ്ങാട് പൊലീസിലാണ്. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഒരു പരാതി കിട്ടിയിരുന്നുവെന്നായിരുന്നു മറുപടി. അതായത് കന്യാസ്ത്രീമാർക്കെതിരെ വധഭീഷണിക്ക് ഫ്രാങ്കോ മുളയ്ക്കൽ ഒരാഴ്ച മുൻപ് കുറവിലങ്ങാട് പൊലീസിന് പരാതി നൽകിയിരുന്നു. ഫ്രാങ്കോയെ വധിക്കാൻ ഗൂഢാലോചന നടത്തുന്നത് ആരോ കേട്ടുവെന്നും അതിനാൽ സംരക്ഷണം വേണമെന്നുമായിരുന്നു പരാതി. തളർന്ന് കിടക്കുന്ന കന്യാസ്ത്രീക്കെതിരെ വരെയായിരുന്നു പരാതി. പൊലീസ് അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ഈ പരാതി വന്നയുടൻ കുറവിലങ്ങാടത്തെ എസ്ഐ അവധിക്ക് പോയി. പീഡനപരാതി വന്നാൽ അന്വേഷണം വൈകിപ്പിക്കാനായിരുന്നു ഈ നിക്കമെന്ന ആക്ഷേപം അന്ന് ഉയർന്നു.
പൊലീസിന് പരാതി നൽകുന്നതിന് മുൻപ് കന്യാസ്ത്രി സഭയെയാണ് സമീപിച്ചത്. നീതി ലഭിക്കാത്തതിനാൽ പൊലീസിൽ പരാതി എത്തുകയായിരുന്നു. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിന് മുൻപ് ഒരു കർദ്ദിനാൾ പാലാ ബിഷപ്പ് ഉൾപ്പടെയുള്ള നാല് ബിഷപ്പുമാർ എന്നിവരെ ഉൾപ്പടെ പൊലീസ് കണ്ട തെളിവ് ശേഖരിച്ചു.. പരാതി കിട്ടി ഒന്നരമാസം കഴിയുമ്പോഴാണ് അതായത് 2018 ഓഗസ്റ്റ് 13നാണ് ഫ്രാങ്കോയെ ജലന്ധറിലെത്തി ചോദ്യം ചെയ്യുന്നത്. 19ന് ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം 21ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയത്തേക്ക് കൊണ്ട് വരുന്നവഴി ദേഹാസ്വസ്ഥ്യം. 22ന് പാലാ സബ് ജയിലിലടച്ചു. പിഢനക്കേസിൽ ഒരു ബിഷപ്പ് ആദ്യമായി ജയിലിൽ. 26ന് ജാമ്യം കിട്ടി.
പരാതി നൽകി 9 മാസത്തിന് ശേഷം 2019 ഏപ്രിൽ 9നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. തുടർന്ന് വിചാരണ. പ്രതിയുടെ ആവശ്യപ്രകാരമാണ് മാധ്യമവിലക്കോടെ വിചാരണ നടന്നത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീംകോടതിയിൽ പോയപ്പോൾ ഹാജരായത് മുകുൾ റോത്തഗിയും ആനന്ദ് മിശ്രയും. അന്ന് ആത്മീയശക്തി കോടതിക്ക് മേൽ പ്രയോഗിക്കുകയാണോയെന്ന് ചോദിച്ചാണ് സുപ്രീംകോടതി ജാമ്യം തള്ളിയത്.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയപ്പോൾ മനസിൽ ബാക്കിയായത് സഹപ്രവർത്തകക്കൊപ്പം അടിയുറച്ച് നിന്ന് കുറവിലങ്ങാട്ടെ സിസ്റ്റർ അനുപമ ഉൾപ്പടെയുള്ള കന്യാസ്ത്രീമാരുടെ മുഖമാണ്. ശക്തമായ സമ്മർദ്ദങ്ങളും പ്രേരണയും സഭയെന്ന ചട്ടക്കൂട്ടിലെ കെട്ടുപാടുകളുമൊക്കെ ഉണ്ടായിട്ടും നീതിക്കായി, ഒരു നേട്ടവും പ്രതീക്ഷിക്കാതെ നഷ്ടപ്പെടാൻ ഒരുപാടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സഹപ്രവർത്തകക്കൊപ്പം നിന്ന ഈ കന്യാസ്ത്രീമാരുടെ മുഖമാണ് പ്രത്യാശ നൽകുന്നത്.