ശബരിമല വിമാനത്താവളത്തിലും കൺസൾട്ടൻസി 'കളി', അവ്യക്തമായ റിപ്പോർട്ടിന് പ്രതിഫലം ഒരു കോടി

By Web TeamFirst Published Aug 1, 2020, 11:01 AM IST
Highlights

ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട ശബരിമല ഗ്രീൻഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതിയുടെ പ്രാഥമിക പഠനത്തിനായി 2017 അവസാനമാണ് ലൂയി ബെര്‍ഗര്‍ എന്ന അമേരിക്കൻ കമ്പനിയുമായി സര്‍ക്കാര്‍ കരാറൊപ്പിടുന്നത്. സ്ഥലം പോലും കാണാതെ കമ്പനി നൽകിയത് അവ്യക്തവും അപൂർണവുമായ റിപ്പോർട്ട്.

കോട്ടയം: ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താൻ അമേരിക്കൻ കമ്പനിയായ ലൂയി ബെര്‍ഗറിന് കരാര്‍ നല്‍കിയതില്‍ സര്‍ക്കാര്‍ ഖജനാവിന് വൻ നഷ്ടം. ഒരു വര്‍ഷം കൊണ്ട് നടത്തിയ അവ്യക്തവും അപൂര്‍ണ്ണവുമായ പഠന റിപ്പോര്‍ട്ടിന് ലൂയിബെര്‍ഗറിന് പ്രതിഫലമായി നല്‍കിയത് ഒരു കോടിയോളം രൂപയാണ്. സര്‍ക്കാരുമായി ഉണ്ടാക്കിയ വ്യവസ്ഥകള്‍ പാലിക്കാതെയുള്ള റിപ്പോര്‍ട്ട് നല്‍കിയ ലൂയി ബെര്‍ഗറിനെ തന്നെ പിന്നീട് വിമാനത്താവളത്തിന്‍റെ വിശദമായ പഠനത്തിനും ചുമതലപ്പെടുത്തി എന്നതാണ് വിചിത്രം. 

ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട ശബരിമല ഗ്രീൻഫീല്‍ഡ് എയര്‍പോര്‍ട്ട് പദ്ധതിയുടെ പ്രാഥമിക പഠനത്തിനായി 2017 അവസാനമാണ് ലൂയി ബെര്‍ഗര്‍ എന്ന അമേരിക്കൻ കമ്പനിയുമായി സര്‍ക്കാര്‍ കരാറൊപ്പിടുന്നത്. സാങ്കേതിക - സാമ്പത്തിക സാധ്യതാ പഠനം- പാരിസ്ഥിതിക ആഘാത പഠനം, വിവിധ മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുക്കല്‍ എന്നിവയ്ക്കെല്ലാമായി 4 കോടി 67 ലക്ഷത്തിനായിരുന്നു കരാര്‍. 

പക്ഷേ, ഈ വ്യവസ്ഥകളൊന്നും പാലിക്കാതെ 32 പേജ് റിപ്പോര്‍ട്ട് 2018 നവംബറില്‍ ലൂയി ബെര്‍ഗര്‍ സര്‍ക്കാരിന് നല്‍കി. ഒരു വര്‍ഷം ഈ റിപ്പോര്‍ട്ട് പുറംലോകം കണ്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 2-ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തില്‍ പഠന റിപ്പോര്‍ട്ട് അവലോകനം ചെയ്തു. ആ യോഗത്തിന്‍റെ മിനിട്സിൽ, വിമാനത്താവളത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ ലൂയി ബെര്‍ഗറിനായില്ല എന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ‍ യോഗം വിലയിരുത്തി. കേന്ദ്രസര്‍ക്കാരിന്‍റേതുള്‍പ്പടെ വിവിധ അനുമതികളുടെ പ്രാരംഭ നടപടികള്‍ പോലും കമ്പനിക്ക് ചെയ്യാനായില്ലെന്നും വ്യക്തമാക്കുന്നു ഈ രേഖ. 

ഏറ്റവും വിചിത്രം അതൊന്നുമല്ല, ചെറുവള്ളി എന്ന സ്ഥലം പോലും കാണാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ലൂയി ബെര്‍ഗറിന് പക്ഷേ, ഒരു കോടി രൂപ കെഎസ്ഐഡിസി നല്‍കി. ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ച ഉന്നത തലയോഗം തട്ടിക്കൂട്ട് റിപ്പോര്‍ട്ട് നല്‍കിയ ലൂയി ബെര്‍ഗറിന് തന്നെ വിശദമായ പഠനം നടത്താൻ അനുമതിയും നല്‍കി എന്നതാണ് വിചിത്രം. വിശദ പഠനത്തിന് ഇതേ കമ്പനിക്ക് ഇനിയും കോടികള്‍ കൊടുക്കേണ്ടിവരുമെന്ന് സാരം.

click me!