ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കലിന് പിന്നിൽ അഴിമതി ആരോപിച്ച് ബിജെപി

By Web TeamFirst Published Jun 20, 2020, 1:16 PM IST
Highlights

സംസ്ഥാന സർക്കാർ പ്രതിരോധത്തിലാവുന്ന ഘട്ടത്തിലെല്ലാം കോൺഗ്രസ് തങ്ങളെ അടിക്കാനുള്ള വടി കൊടുക്കാറുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഭൂമി വില കൊടുത്ത് വാങ്ങുന്നതിന് പിന്നിൽ വലിയ അഴിമതിയുണ്ട്. ഭൂമിയിൽ ബിലീവേഴ്സ് ചർച്ചിന് അവകാശമില്ല. ഉടമസ്ഥാവകാശം ഇവർക്ക് സ്ഥാപിച്ച് കൊടുക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്സ് ചർച്ചുമായി ഈ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

ഈ വിഷയത്തിൽ പല തവണ ചർച്ച നടന്നിട്ടുണ്ട്. ഭൂമി വില കൊടുത്ത് വാങ്ങുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. സിപിഐ ഈ കാര്യത്തിൽ അഭിപ്രായം പറയണം. കോൺഗ്രസും ബിലീവേഴ്സ് ചർച്ചിനൊപ്പമാണ്.  വിഷയത്തിൽ മുല്ലപ്പള്ളിയുടെയും, ചെന്നിത്തലയുടെയും, ഉമ്മൻ ചാണ്ടിയുടെയും നിലപാട് അറിയാൻ താൽപ്പര്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാർ പ്രതിരോധത്തിലാവുന്ന ഘട്ടത്തിലെല്ലാം കോൺഗ്രസ് തങ്ങളെ അടിക്കാനുള്ള വടി കൊടുക്കാറുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്ക് എതിരായ പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. ശൈലജ ടീച്ചർക്ക് എതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

click me!