
കൊച്ചി: അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ദേവസ്വം വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അയ്യപ്പ സംഗമത്തിലെ വരവ്-ചെലവ് കണക്കുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവർത്തിച്ച് പറഞ്ഞതാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. കണക്കുകൾ സമർപ്പിക്കാൻ മൂന്ന് മാസത്തിലധികം സമയം ബോർഡിന് നൽകിയെലും ഇനിയും കണക്ക് ഹാജരാക്കാൻ സാധിച്ചതില്ലെങ്കിൽ ബോർഡിന് സാമ്പത്തിക അച്ചടക്കമില്ലെന്ന് പറയേണ്ടി വരുമെന്ന് കോടതി വിമര്‍ശിച്ചു. കോടതിക്ക് ഇക്കാര്യത്തിൽ മൗനം പാലിക്കാനാവില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ബെഞ്ച്, ഇനി അധികസമയം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. കണക്കുകൾ ഹാജരാക്കുന്നതിനായി ബോർഡ് വീണ്ടും മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. അയ്യപ്പ സംഗമത്തിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ പൂർണ വിവരം ഹാജരാക്കാനാണ് കോടതി നിർദേശം.
ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കും. കണക്കുകൾ തയ്യാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കക്ഷി ചേർത്ത കോടതി വ്യാഴാഴ്ച എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശം നൽകി. അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാൻ വൈകുന്നതിനെ കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റ് തയ്യാറാക്കിയ കണക്ക് സ്പെഷ്യൽ കമ്മീഷണർ വഴി ഹാജരാക്കിയെങ്കിലും കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് കണക്ക് പരിശോധിക്കാൻ ദേവസ്വം ബോർഡ് കമ്മിറ്റിയെ വെച്ചെങ്കിലും കോടതിയിൽ കണ്ക്ക് നൽകാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കണ്ക്ക് നേരിട്ട് കോടതി പരിശോധിക്കുന്നത്. തങ്ങൾ ആവശ്യപ്പെട്ട കണക്കുകൾ നൽകാൻ ദേവസ്വം ബോർഡ് തയ്യാറായില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ രേഖകൾ എല്ലാം സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റിന് കൈമാറിയെന്നായിരുന്നു ബോർഡ് മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam