ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം, ആറാഴ്ച കൂടി സമയം നല്‍കി ഹൈക്കോടതി

Published : Dec 03, 2025, 06:31 PM ISTUpdated : Dec 03, 2025, 07:34 PM IST
kerala high court

Synopsis

ശബരിമല സ്വർണ്ണപ്പളി കേസ് അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയം കൂടി നീട്ടി നൽകി. സ്വതന്ത്ര അന്വേഷണം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം.

കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെത്തുട‍ർന്നാണ് ദേവസ്വം ബെഞ്ചിന്‍റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോ‍ർട്ടും മുദ്രവെച്ച കവറിൽ എസ് ഐ ടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് എസ് ഐ ടിയോട് നിർദേശിച്ചു. 

അന്വേഷണത്തിനായി അനുവദിച്ചിരുന്ന ആറാഴ്ചത്തെ സമയപരിധി അവസാനിച്ചതോടെയാണ് അന്വേഷണ സംഘം സമയം നീട്ടിച്ചോദിച്ചത്. അന്വേഷണത്തിന്‍റെ മുന്നോട്ടുള്ള പോക്കും എസ് പി ശശിധരൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിച്ചു. സന്നിധാനത്തുനിന്ന് ശേഖരിച്ച സ്വർണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഒരാഴ്ചക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. സ്വർണ്ണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സർക്കാരിന്‍റെ മറുപടി കൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് നിർദേശം.

അതേസമയം, കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിന്‍റെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് തള്ളി. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ വാസു വിരമിച്ചതിന് ശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നായിരുന്നു വാസുവിൻ്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യ ഹർജി തള്ളുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല': കോൺഗ്രസെടുത്തത് ഒരു പാർട്ടിയും എടുക്കാത്ത നടപടിയെന്ന് ഷാഫി പറമ്പിൽ
അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു