
കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. പദ്മകുമാർ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പദ്മകുമാറിന് പുറമെ കേസിൽ പ്രതികളായ മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുക. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് പ്രതികളുടെ വാദം.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ മോഷ്ടിച്ച കേസിൽ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി ഇയാൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എന്നാൽ സ്വർണക്കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിൽ മോചിതനാകാൻ കഴിയില്ല.
സന്നിധാനത്തെ അതീവ സുരക്ഷയുള്ള മേഖലകളിൽ നിന്ന് സ്വർണം കടത്തിയെന്ന ഗൗരവകരമായ കേസിൽ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നുണ്ട്. ഇന്നത്തെ ഹൈക്കോടതി വിധി കേസിന്റെ ഭാവി അന്വേഷണത്തിൽ നിർണ്ണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam