
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലത്തെ ശബരിമല സ്വർണക്കടത്തിൽ പുതിയ കേസ് എടുക്കണോ എന്നതിൽ എസ്ഐടി തീരുമാനം ഉടൻ. നിലവിലുള്ള കേസിനൊപ്പം അന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്നാണ് എസ്ഐടിയിലെ ആലോചന. പുതിയ കേസ് എടുത്താൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ വൈകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ദ്വാരപാലക ശില്പത്തിന്‍റെ കാല് പൊട്ടിയതിന്‍റെ പേരിൽ പാളി കടത്താൻ 2021 മുതൽ ശ്രമം തുടങ്ങിയെന്നും എസ്ഐടി കണ്ടെത്തൽ.
പി എസ് പ്രശാന്തിന്റെ കാലത്തെ സ്വർണക്കടത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എസ്ഐടി സംഘം വൈകാതെ യോഗം ചേരും. പുതിയൊരു കേസ് രജിസ്റ്റർ ചെയ്യണമോ എന്ന കാര്യത്തിൽ ഹൈക്കോടതി ഉത്തരവിൽ വ്യക്തത ഇല്ല. ആ സാഹചര്യത്തിൽ മൂന്നാമതൊരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമോ അതോ 2019ൽ സ്വർണ്ണപ്പാളികൾ കടത്തിക്കൊണ്ടുപോയി കവർന്ന കേസിനോടൊപ്പം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കണമോ എന്ന കാര്യത്തിൽ എസ്ഐടി യോഗം തീരുമാനമെടുക്കും. നിലവിൽ അന്വേഷിക്കുന്ന രണ്ടാമത്തെ കേസിനൊപ്പം 2025ലെ സ്വർണ്ണപാളികൾ പുറത്തേക്ക് കൊണ്ടുപോയ കേസുകൂടി അന്വേഷിച്ചാൽ മതിയെന്നാണ് എസ്ഐടിയുടെ നിലവിലെ തീരുമാനം. പുതിയ കേസ് എടുക്കുകയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കുറ്റപത്രം സമർപ്പിക്കാൻ വേണ്ടി കഴിയുകയുള്ളൂ. എന്നാൽ നിലവിലെ കേസിനൊപ്പം അന്വേഷണം നടത്തിയാൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു കണക്കുകൂട്ടൽ. ഏതായാലും എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ കോടതി ഉത്തരവ് പരിശോധിച്ച ശേഷം വൈകാതെ യോഗം ചേർന്ന് തീരുമാനമെടുക്കും. ഇന്നലെ ഹൈക്കോടതിയിൽ ഉണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ശശിധരൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും യോഗത്തെക്കുറിച്ച് തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam