അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയതിനെതിരായ ഹർജി ഹൈക്കോടതി പരിഗണിച്ചു. നിയമന ഉത്തരവിന്‍റെ രേഖകൾ മുദ്ര വെച്ച കവറിൽ വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി
കൊച്ചി: അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് ഹർജി പരിഗണിച്ചത്. ഇരുവരുടെയും നിയമന ഉത്തരവിന്‍റെ രേഖകൾ മുദ്ര വെച്ച കവറിൽ വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകി. നിയമനവുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ അഭിഭാഷകൻ വി സേതുനാഥ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഈ നിർദേശം.
ഇരുവർക്കും നൽകിയ നിയമനത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. കെ എം ഷാജഹാൻ ഹർജി നൽകിയത്. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാർ സമയം തേടി. കഴിഞ്ഞ സർക്കാർ പാർട്ടി ബന്ധത്തിന്‍റെ പേരിലാണ് ഇരുവർക്കും നിയമനം നൽകിയതെന്നും പി എസ് സിയെ മറികടന്ന് ഇത്തരത്തിൽ നേരിട്ടുള്ള നിയമനം നടത്താൻ നിയമപരമായ സാധുതയില്ലെന്നും ആണ് പരാതി.
