
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് തുടങ്ങി. എസ്ഐടി സംഘമാണ് മൊഴിയെടുക്കുന്നത്. സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ നിന്ന് പലതും ഡീകോഡ് ചെയ്യേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. പൂര്‍ണമായ സംശയ നിവാരണത്തിന് ഒരാഴ്ച കൂടിവേണമെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
നഷ്ടമായ സ്വര്‍ണത്തിന്‍റെ അവളവ് കൃത്യമായി കണ്ടെത്താനാണ് നീക്കം. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുരാരി ബാബുവിന്‍റെ മൊഴിയെടുക്കും. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതിയാണ് ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബു. മൊഴിയെടുക്കുന്നതിനായി മുരാരി ബാബുവിന് ഈയാഴ്ച നോട്ടീസ് നൽകും. കൊച്ചി ഓഫീസിൽ ഹാജരാകാനായിരിക്കും നോട്ടീസ് നൽകുക.ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ ആയിരുന്ന മുരാരി ബാബു ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ തുടരുകയാണ്.
കുറ്റപത്രം ഇനിയും വൈകും
അതേസമയം, ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്. സ്വർണക്കൊളളയിൽ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത എസ്ഐടി നടപടി നീളുകയാണ്. എസ്ഐടിക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നൽകാനാണ് ശ്രമം. കുറ്റപത്രം വൈകിയാൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുളള പ്രതികൾ ജയിൽമോചിതരാകും. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടാൻ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് ഇടയാക്കുന്നുവെന്ന വിമർശനം വ്യാപകമാണ്. ഭാഗികമായ കുറ്റപത്രം നൽകാത്തത് എന്താണെന്നും അന്വേഷണം ഇഴയുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വർണക്കൊളള കേസിൽ കുറ്റമറ്റ കുറ്റപത്രം തയ്യാറേക്കണ്ടതുകൊണ്ടാണ് താമസമെന്നാണ് എസ്ഐടി വൃത്തങ്ങൾ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam