
തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ച കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക സംഘം ഇന്ന് അപേക്ഷ നൽകും. കൊല്ലം വിജിലന്‍സ് കോടതിയിലായിരിക്കും അപേക്ഷ നൽകുക. അറസ്റ്റിലായ എൻ വാസുവിനെ കൊട്ടാരക്കര സബ് ജയിലിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത. സ്വർണ പാളി കേസിൽ മൂന്നാം പ്രതിയാണ് മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ.വാസു. കേസിൽ പ്രതി സ്ഥാനത്തുള്ള എ.പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയിലേക്ക് അന്വേഷണം പോകുന്നതിന് മുമ്പാണ് വാസുവിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. ദേവസ്വം ഭരണ സമിതിക്ക് സ്വർണകൊള്ളയിലെ പങ്കിനെ കുറിച്ചുള്ള വാസുവിന്‍റെ മൊഴി നിർണായകമാകും. അതേസമയം, കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഫൊറൻസിക് ലാബിലേക്ക് പരിശോധനക്കായി അയക്കുന്നതിനായി കോടതിയിൽ നൽകും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷയും സാമ്പിളുകളും പൊലീസ് നൽകുക.
എൻ വാസു സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്‍റെ അറിവോടെയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിന്‍റെ പങ്ക് വ്യക്തമാക്കിയാണ് എൻ വാസുവിന്‍റെ റിമാൻഡ് റിപ്പോർട്ട്. ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്‍റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വർണം പൂശിയ കട്ടിളപാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നു. എന്നിട്ടും സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടത്തി. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കിയെന്നും ഈ രേഖ വച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡൻറ് എൻ വാസുവിൻറെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിൻറെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്. ഇത് പൂർത്തിയായ ശേഷം പത്മകുമാർ അടക്കമുള്ള ബോർഡ് അംഗങ്ങൾക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കും. ഇതിന് മുമ്പായി, ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരുടേയും അറസ്റ്റിനും സാധ്യതയുണ്ട്.