
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ നേരിട്ട് ഹാജരായാണ് നാലാമത്തെ ഇടക്കാല റിപ്പോർട്ട് നൽകുക. ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു. വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. പ്രതിപക്ഷ നേതാവ് വി ഡി സതീശനു, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കോടതി കൈമാറും. ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം.
അതിനിടെ ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ മറ്റൊരു ഹർജിയിൽ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. 2019-ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും കോടതി ചോദിച്ചിരുന്നു. ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്ന് കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. തനിക്കെതിരെ കോടതി നടത്തിയ ഈ പരാമർശങ്ങൾ തന്റെ ഭാഗം കേൾക്കാതെയാണെന്നും ഇതിനാൽ പരാമർശം നീക്കണമെന്നുമാണ് ശങ്കർദാസ് സുപ്രീംകോടതി അഭിഭാഷകൻ എ കാർത്തിക്ക് മുഖാന്തരം നൽകിയ ഹർജിയിൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam