
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിയുടെ അറസ്റ്റ് റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, അറസ്റ്റിലായ കണ്ഠര് രാജീവരെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ ഹാജരാക്കി. തേവള്ളിയിലെ ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് അൽപ്പസമയം മുമ്പ് ഹാജരാക്കിയത്.
പോറ്റിയെ തന്ത്രിയാണ് പരിചയപ്പെടുത്തിയതെന്നാണ് പത്മകുമാറിന്‍റെ മൊഴി. ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും പാളികൾ കൊണ്ടു പോകുവാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നുമാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം, കേസിൽ പ്രതിഭാഗം ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും.
ഇന്ന് രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്കുശേഷം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി കൊണ്ടുവന്നു. വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ അറസ്റ്റിൽ തന്ത്രി രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം. മാധ്യമങ്ങളൂടെ കൂടുതൽ ചോദ്യങ്ങളോട് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. വൈദ്യപരിശോധനക്കുശേഷമാണ് എസ്ഐടി സംഘം തന്ത്രിയെ കൊല്ലത്തേക്ക് കൊണ്ടുപോയത്. തന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചിട്ടുള്ളത്. ബിപി, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും തന്ത്രി അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. ഭക്തരെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്. ഗൗരവമാര്‍ന്ന തെളിവുകളില്ലാതെ അറസ്റ്റുണ്ടാകില്ലെന്നതിനാൽ കൊള്ളയിൽ തന്ത്രിയുടെ പങ്ക് എന്തെന്നാണ് ഇനി അറിയേണ്ടത്. കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ദൈവതുല്യര്‍ പ്രയോഗത്തോടെ അത് തന്ത്രിയാണോ മന്ത്രിയാണോയെന്ന സംശയം അന്ന് മുതലെ ഉടലെടുത്തിരുന്നു. നമ്മൽ ദൈവതുല്യരായി കാണുന്നവര്‍ ഇതിൽ ഉള്‍പ്പെട്ടാൽ എന്തുചെയ്യാനാകുമെന്നായിരുന്നു പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നത്. സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലാകും മുമ്പാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാര്‍ ദൈവതുല്യരായവരാണെന്ന പ്രതികരണം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam