
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠഠരര് രാജീവരുടെ വൈദ്യപരിശോധന പൂര്‍ത്തിയായി.വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോള്‍ അറസ്റ്റിൽ തന്ത്രി രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം. മാധ്യമങ്ങളൂടെ കൂടുതൽ ചോദ്യങ്ങളോട് സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമങ്ങള്‍ ചോദ്യത്തിനും തന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ്ഐടി സംഘം കൊല്ലത്തേക്കാണ് പോയത്. തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിയിൽ ഹാജരാക്കും. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ് മോഹിതിന് മുൻപാകെയായിരിക്കും ഹാജരാക്കുക. തന്ത്രിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചു. ബിപി, പ്രമേഹം എന്നിവക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും തന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളായതിനാൽ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. ഭക്തരെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്. ഗൗരവമാര്‍ന്ന തെളിവുകളില്ലാതെ അറസ്റ്റുണ്ടാകില്ലെന്നതിനാൽ കൊള്ളയിൽ തന്ത്രിയുടെ പങ്ക് എന്തെന്നാണ് ഇനി അറിയേണ്ടത്. കേസിലെ പ്രതി എ. പത്മകുമാറിന്‍റെ ദൈവതുല്യര്‍ പ്രയോഗത്തോടെ അത് തന്ത്രിയാണോ മന്ത്രിയാണോയെന്ന സംശയം അന്ന് മുതലെ ഉടലെടുത്തിരുന്നു. സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലാകും മുമ്പാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാര്‍ ദൈവതുല്യരായവരാണെന്ന പ്രതികരണം നടത്തിയത്. അന്നേ പത്മകുമാറിന്‍റെ ദൈവ തുല്യൻ ആരെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
കേസിൽ നേരത്തെ തന്ത്രിമാരായ രാജീവരുടെയും മോഹനരുടെയും മൊഴിയും എസ്ഐടി എടുത്തിരുന്നു. ശബരിമലയിൽ താൻ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമെന്നായിരുന്നു രാജീവര്‍ മൊഴി നൽകിയിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത് താനല്ലെന്ന് തന്ത്രി പറയുമ്പോഴും ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നതും പരിചപ്പെടുത്തിയതും രാജീവരാണെന്ന് റിമാന്‍ഡിലിരിക്കെ പത്മകുമാര്‍ മൊഴി കൊടുത്തു. തന്ത്രിമാര്‍ അനുവദിച്ചതിനാലാണ് സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊടുത്തുവിട്ടതെന്നും പത്മകുമാര്‍ എസ്ഐടിയോട് പറഞ്ഞു. എന്നാൽ, ദൈവ തുല്യൻ ആരെന്ന് പുറമേയ്ക്ക് പത്മകുമാര്‍ തെളിച്ചു പറഞ്ഞതുമില്ല.
കേസ് അന്വേഷണം നടക്കുന്ന ഒരു ഘട്ടത്തിലും തന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന ഒരു സൂചനയും എസ്ഐടി നൽകിയിരുന്നില്ല. തന്ത്രിമാരെ കേസിൽ സാക്ഷികളാക്കുമെന്നാണ് പലരും കരുതിയത്. പക്ഷേ തന്ത്രപൂര്‍വം എസ്ഐടി തന്ത്രിക്കെതിരെ വന്ന മൊഴികള്‍ ഇഴകീറി പരിശോധിച്ചു. അറസ്റ്റിലേയ്ക്കെത്തിക്കാനാവശ്യമായ തെളിവുകള്‍ ശേഖരിച്ചു. അയ്യപ്പനെ കണ്ടശേഷം ഭക്തര്‍ വണങ്ങുന്നയാളാണ് സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായത്. അയ്യപ്പന്‍റെ സ്വര്‍ണം കട്ടവര്‍ ആരായാലും അറസ്റ്റിലാകണമെന്ന് പറയുന്നവരെ പോലും ഒരു നിമിഷത്തേയ്ക്കെങ്കിലും ഞെട്ടിക്കുന്നതായിരുന്നു തന്ത്രിയുടെ അറസ്റ്റ് . തന്ത്രി അറസ്റ്റിലാകുമ്പോള്‍ മുന്‍ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തതിന്‍റെ തുടര്‍ നടപടി എവിടെ വരെയായി എന്ന ചോദ്യവുമായാണ് കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണം തുടരുന്നത്. അതേസമയം, എത്ര ഉന്നതനായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നാണ് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കളം ഒരുങ്ങിക്കൊഴിഞ്ഞിരിക്കെ തന്ത്രിയുടെ അറസ്റ്റ് സ്വര്‍ണക്കൊള്ളക്കേസിന്‍റെ ഗതി എങ്ങോട്ടാക്കുമെന്നാണ് ആകാംഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam