
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരക്ക് കവചമൊരുക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തെന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് ചോദിച്ച കുമ്മനം രാജശേഖരൻ, പല രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും പറഞ്ഞു. പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് പക്ഷപാതമുണ്ടെന്ന് സംശയം ശക്തിപ്പെടുന്നുവെന്നും കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായെന്നും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ചോദിച്ചു.
മന്ത്രിയായാലും തന്ത്രിയായാലും നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്നും എന്നാൽ, അന്വേഷണത്തിൽ ഒട്ടേറെ സംശയങ്ങൾ ഉദിക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു. കേസിൽ ശങ്കരദാസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മർമ പ്രധാന വിഷയങ്ങളിലേയ്ക്ക് അന്വേഷണം കടന്നോയെന്ന് സംശയമുണ്ട്. സ്വർണം ആരുടെ കയ്യിലെത്തിയെന്ന വിവരം ഇപ്പോഴും പുറത്തുവന്നില്ല. ഇതിൽ രാഷ്ട്രീയദുഷ്ടലാക്കുണ്ടെന്ന് സംശയിക്കുന്നു. സി ബി ഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും സ്വര്‍ണക്കൊള്ള കേസിൽ സിബിഐ വരട്ടെയെന്നും കുമ്മനം പറഞ്ഞു. കേസിൽ തന്ത്രി അറസ്റ്റിലാകുന്നത് ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്യണം. കോൺഗ്രസ് നേതാക്കളെ മാറ്റി നിർത്തുന്നത് എന്തിനാണ്? ഒരു തന്ത്രിയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലിത്. തന്ത്രിയല്ല പലതിലും ഒപ്പിട്ടിരിക്കുന്നത്. അതിനാൽ തന്നെ തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തതെന്ന് എങ്ങനെ പറയാൻ പറ്റും? തന്ത്രി ഉത്തരവാദിയാണെങ്കിൽ അർഹിക്കുന്ന ശിക്ഷ കിട്ടട്ടെ പലരെയും രക്ഷപ്പെടാൻ അനുവദിക്കുന്ന പക്ഷപാതം എസ് ഐ ടി ക്ക് ഉണ്ടോയെന്ന സംശയം ശക്തിപ്പെടുന്നുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam