
തൃശൂര്‍: ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്വര്‍ണകൊള്ള മറച്ചുവെക്കാൻ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യും. സ്വര്‍ണം മോഷ്ടിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയോ വാസുവോ മാത്രമാണെന്ന് ആരും വിശ്വസിക്കുന്നില്ല. ശബരിമല സ്വര്‍ണ കൊള്ളക്ക് പുറകിൽ രാഷ്ട്രീയ നേതാക്കളുണ്ട്. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിച്ചാലെ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താനാകു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് വികസനകാര്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയുള്ളതാണ്. മൂന്നുമാസം മുമ്പ് രാഹുലിനെതിരെ കേസെടുക്കേണ്ടതായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ട്. സർക്കാർ ഒരു ഉത്തരവും നൽകിയില്ല. ലണ്ടനിൽ പോയി പണം എന്തിന് സമാഹരിച്ചുവെന്നതിനടക്കം മറുപടിയില്ല. എന്തുകൊണ്ട് ഇന്ത്യൻ ബാങ്ക് വഴി കടമെടുത്തില്ല? ആർബിഐയുടെ അനുമതിയും എടുത്തിട്ടില്ല. ഇഡി നോട്ടീസ് തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പറയുന്നത് ശ്രദ്ധ തിരിക്കാനുള്ള വാദം മാത്രമാണ്. അന്വേഷണ ഏജൻസികളുടെ നടപടിയെ വേഗത്തിൽ ആക്കാനോ സാവധാനത്തിൽ ആക്കാനോ കേന്ദ്രസർക്കാരിനാവില്ല. സാമ്പത്തിക തട്ടിപ്പ് പിടിച്ചാൽ അത് രാഷ്ട്രീയമാണെന്ന് പറയുന്നത് രാഷ്ട്രീയ തന്ത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണ കൊള്ളയിൽ എസ്ഐടി നാളെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശബരിമല സ്വര്‍ണകൊള്ളയിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടോയെന്നതിലടക്കം റിപ്പോര്‍ട്ട് നിര്‍ണായകമാണ്. ഹൈക്കോടതി നൽകിയ ആറാഴ്ചത്തെ സമയപരിധി നാളെ തീരും. അതേമയം, പ്രതിയായ എ പത്മകുമാറിന്‍റെ ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ത്. കൂട്ടായെടുത്ത തീരുമാനങ്ങള്‍ക്ക് താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നും മിനുട്സിൽ ചെമ്പ് എന്നെഴുതിയത് മറ്റു ബോര്‍ഡ് അംഗങ്ങളുടെയും അറിവോടെയാണെന്നുമാണ് പത്മകുമാറിന്‍റെ വാദം. ബോര്‍ഡിലെ മറ്റ് അംഗങ്ങളെക്കുടി പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് പത്മകുമാറിന്‍റെ ജാമ്യാപേക്ഷ. ഉമ്ണികൃഷ്ണൻ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ നൽകിയത് ഒന്നിച്ചെടുത്ത തീരുമാനമാണെന്നും അതൽ താൻ മാത്രം എങ്ങനെ കുറ്റക്കാരനാകുമെന്നുമാണ് പത്മകുമാറിന്‍റെ ചോദ്യം. വീഴ്ച സംഭവിച്ചെങ്കിൽ അതിൽ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും പത്മകുമാര്‍ ജാമ്യ ഹര്‍ജിയിൽ വാദിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam