
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ബെല്ലാരി ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എസ്ഐടി. രണ്ട് പേരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയേക്കും. ശബരിമലയിലെ സ്വർണപാളികളിൽ നിന്ന് വേർതിരിച്ച് എടുത്ത സ്വർണം ആർക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്ഐടി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നത്. സ്വർണം വിൽക്കുന്നതിന് ഇടനിലക്കാരനായ കൽപ്പേഷിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യാൻ വിളിക്കും. അതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പങ്കജ് ബണ്ഡാരിയുടെയും ഗോവർദ്ധന്‍റെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റിയെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. ശബരിമലയിലെ സ്വർണം പ്രതികള്‍ എന്തു ചെയ്തുവെന്ന് വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് നിലപാട്. തട്ടിയെടുത്ത് സ്വർണത്തിന് ആനുപാതികമായി സ്വർണം രണ്ടും പേരിൽ നിന്നും കണ്ടെത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി പറയുന്നു. കേസിൽ കൂടുതൽ അറസ്റ്റുകള്‍ വൈകാതെയുണ്ടാകും. റിമാൻഡ് റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണ പാളികള്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് സ്വർണം വേർതിരിച്ചതിന് ശേഷം ബെല്ലാരിയിലെ ഗോവർദ്ധന് വിറ്റുവെന്നാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചത്. പങ്കജ് ബണ്ഡാരിയെയും ഗോവർദ്ധനെയും റിമാൻഡ് ചെയ്യാൻ കൊല്ലം വിജിലൻസ് കോടതിയൽ നൽകിയ റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ശബരിമല സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാനസിക വിഷമമുണ്ടായെന്ന് ഗോവര്‍ധന്‍റെ മൊഴി
പോറ്റിയും പങ്കജ് ബണ്ഡാരിയും ഗോവർദ്ധനനും 2019ന് മുന്‍പേ ശബരിമലയിൽ എത്താറുണ്ട്. പാളികള്‍ സ്വർണം പൂശിയതാണെന്ന് പ്രതികള്‍ക്കറിയാം. സ്പോണ്‍സറെന്ന നിലയിൽ പോറ്റി പാളികള്‍ കടത്തി പങ്കജിന്‍റെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാർട്ട് ക്രിയേഷനിലെത്തിച്ചു. അയ്യപ്പന്‍റെ സ്വർണമാണെന്നും വേർതിരിച്ച് മറിച്ചു വിൽക്കാൻ പാടില്ലെന്നും അറിയാവുന്ന പ്രതികള്‍ അത് തട്ടിയെടുത്തു. ഗോവർദ്ധന്‍റെ കയ്യിലെത്തിയ ശബരിമലയിലെ സ്വർണം ആർക്ക് വിറ്റുവെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് എസ്ഐടി പറയുന്നു. ഇതിന് പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് എസ്ഐടി പറയുന്നത്. രണ്ടുപേരുടെയും സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ കാണാതായതിന് തുല്യമായ സ്വർണം കണ്ടെത്തി. സ്വർണം വാങ്ങുന്നതിന് മുമ്പേ പല ഘട്ടങ്ങളിലായി ഒന്നര കോടി രൂപ ശബരിമലയിലെ സ്പോണ്‍സര്‍ഷിപ്പിനും മറ്റുമായി ഉണ്ണികൃഷ്ൻ പോറ്റിക്ക് ഗോവർദ്ധൻ നൽകി. സ്വർണം വാങ്ങിയ ശേഷം 15 ലക്ഷം നൽകി. ശബരിമല സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാനസിക വിഷമമുണ്ടായെന്ന് പ്രായച്ഛിത്തത്തിനായി 10 ലക്ഷം രൂപയുടെ ഡിഡിയെടുത്ത് അന്നദാനത്തിനായി പോറ്റിക്ക് കൈമാറിയെന്നും ഗോവർദ്ധൻ മൊഴി നൽകി. മാളികപ്പുറത്ത് സമർപ്പിക്കാൻ 10 പവൻ സ്വർണമാലയും പോറ്റിയുടെ കൈവശം കൊടുത്തയച്ചതായും ഗോവർദ്ധൻ സമ്മതിച്ചിട്ടുണ്ട്. സ്പോണ്‍സർമാരെന്ന നിലയിൽ പ്രതികള്‍ക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാർക്കിടയിൽ സ്വാധീനമുണ്ടെന്നും പ്രത്യേക സംഘം പറയുന്നു. പത്മകുമാറിനൊപ്പമുണ്ടായിരുന്ന മുൻ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്ക് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. ശങ്കർദാസിനെയും വിജയകുമാറിനെയും വീണ്ടും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ കടത്തിൽ ഇവരുടെ പങ്ക് തെളിയിക്കാനുള്ള വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘ വൃത്തങ്ങള്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam