ശബരിമല: വിശ്വാസികളെ തിരികെക്കൊണ്ടു വരണം, സംസ്ഥാനഘടകത്തോട് സിപിഎം കേന്ദ്ര കമ്മിറ്റി

By Web TeamFirst Published Jun 9, 2019, 5:40 PM IST
Highlights

ശബരിമല വിഷയത്തിൽ നഷ്ടമായ വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണം. അത് എങ്ങനെയെന്ന് സംസ്ഥാനഘടകം നിശ്ചയിക്കണമെന്നും കേന്ദ്ര കമ്മിറ്റി. 

ദില്ലി: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ ഇടത് പക്ഷത്തിന് നഷ്ടമായെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. അതെങ്ങനെ വേണമെന്ന കാര്യം സംസ്ഥാനഘടകം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കി.

പാർട്ടിക്ക് ഇനി 11 ഇന കർമ്മപരിപാടികൾ

പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ മറികടന്ന് തിരിച്ചുവരാൻ 11 ഇന കർമ്മ പരിപാടികൾക്ക് സിപിഎം കേന്ദ്ര കമ്മിറ്റി രൂപം നൽകി. പാർട്ടിയിൽ നിന്ന് വഴിമാറിയ വോട്ടർമാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിയുണ്ടാകും. കേരളത്തിൽ വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തി കൂടെ നിർത്തും. പാർട്ടിയുടെ അടിത്തറ ശക്തമാക്കും. സംഘടനാ ദൗർബല്യം മറികടക്കും.

വർഗ ബഹുജന സഘടനകളെ ശാക്തീകരിച്ചു ബഹുജന മുന്നേറ്റങ്ങൾ. ഇടത് ഐക്യം ശക്തിപ്പെടുത്തും, ബിജെപിക്ക് എതിരെ മതേതര കൂട്ടായ്മ ശക്തമാക്കും. 

പ്ലീനതീരുമാനങ്ങൾ നടപ്പാക്കിയതിൽ വീഴ്ച

സംഘടനയെ ശക്തിപ്പെടുത്താനുള്ള കൊൽക്കത്ത പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിമർശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന ഘടകങ്ങളോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടി. പ്ലീന തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. 

കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ നാളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനം വിളിക്കും.

click me!