
തിരുവനന്തപുരം: സണ്ണി എം. കപിക്കാടിനെതിരെ നടപടി വേണമെന്ന് ശബരിമല കര്‍മ്മസമിതി. അയപ്പനെ അധിക്ഷേപിച്ച പരമാര്‍ശങ്ങളിൽ ശബരിമല കര്‍മ്മ സമിതി പ്രതിഷേധം രേഖപ്പെടുത്തി. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പസ്വാമിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പത്തെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി എം. കപിക്കാട് നടത്തിയതായി പ്രചരിക്കുന്ന പ്രസംഗത്തിലെ പരാമർശങ്ങളിലാണ് പ്രതിഷേധം അറിയിച്ചത്.
അയ്യപ്പൻ ഒരു വിഭാഗത്തിന്റെയോ ഒരു ജാതിയുടെയോ മാത്രം ആരാധനാമൂർത്തിയല്ലെന്നും കേരളത്തിന്റെ ആത്മീയ-സാംസ്കാരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായ അയ്യപ്പസ്വാമിയോടുള്ള ഭക്തി ജാതി, വർഗ്ഗം, ഭാഷ, പ്രദേശം തുടങ്ങിയ എല്ലാ അതിരുകളും മറികടക്കുന്നതാണെന്നും കർമസമിതി വ്യക്തമാക്കി. ഒരു മതവിശ്വാസത്തോട് യോജിപ്പില്ലെങ്കിൽ അതിനെ വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ എല്ലാവർക്കുമുണ്ട്. എന്നാൽ വിമർശനം എന്ന പേരിൽ ആരാധനാമൂർത്തിയെ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ആർക്കും അവകാശപ്പെടാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് ഉത്തരവാദിത്തവും അതിരുകളുമുണ്ടെന്നും കർമ്മ സമിതി വ്യക്തമാക്കി.
ദളിത് അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി സംസാരിക്കുന്ന ഒരാളിൽ നിന്ന് സമൂഹം കൂടുതൽ ഉത്തരവാദിത്തമുള്ള ഭാഷയാണ് പ്രതീക്ഷിക്കുന്നത്. ജാതീയമായോ സാമൂഹികമായോ ഏതെങ്കിലും വിവേചനത്തിനെതിരെ സംസാരിക്കുമ്പോൾ തന്നെ, മറ്റൊരു സമൂഹത്തിന്റെ ആരാധനാമൂർത്തിയെയും വിശ്വാസത്തെയും അപമാനിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ വിശ്വാസികൾക്കിടയിൽ പ്രകോപനവും സാമൂഹിക സംഘർഷവും സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. അതിനാൽ ഇത്തരം പ്രസംഗങ്ങളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ന്യായീകരിക്കരുതെന്നും കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam